വാഷിങ്ടന്‍ • അഭയാര്‍ഥികള്‍ക്കും ഏഴു രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ നടപടി സ്‌റ്റേ ചെയ്ത കോടതി വിധിക്കെതിരെ വീണ്ടും രൂക്ഷമായി പ്രതികരിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ജോലി കഠിനമാക്കുകയാണ് കോടതി ചെയ്തതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. ഭീകരവാദികള്‍ക്കായി രാജ്യത്തിന്റെ അതിര്‍ത്തി തുറന്നു കൊടുക്കുകയാണ് കോടതി ചെയ്തത്.
രാജ്യത്ത് എന്തെങ്കിലും അരുതാത്തതായി സംഭവിച്ചാല്‍ പഴിക്കേണ്ടത് വീസ നിയന്ത്രണം സ്‌റ്റേ ചെയ്ത ജഡ്ജിനേയും കോടതിയെയുമാണ്. ഈ നടപടി വിഡ്ഢിത്തരമാണെന്നും ട്രംപ് വിമര്‍ശിച്ചു. അമേരിക്കയിലേക്ക് കടക്കുന്നവരെ സൂക്ഷ്മമായി പരിശോധിക്കണമെന്ന് അതിര്‍ത്തിയിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നന്നും ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി.
ഇന്നലെയാണ് യുഎസ് പ്രസിഡന്റിന്റെ ഉത്തരവ് താല്‍ക്കാലികമായി തടഞ്ഞ ഫെഡറല്‍ കോടതി വിധിക്കെതിരെ യുഎസ് നീതി വകുപ്പ് നല്‍കിയ അപേക്ഷ അപ്പീല്‍ കോടതി തള്ളിയത്. വാഷിങ്ടന്‍ സംസ്ഥാനം നല്‍കിയ ഹര്‍ജിയില്‍ വെള്ളിയാഴ്ചയാണു സിയാറ്റില്‍ കോടതി ട്രംപിന്റെ ഉത്തരവ് തടഞ്ഞത്.
ജഡ്ജിക്കെതിരെ വ്യക്തിപരമായ അധിക്ഷേപം ചൊരിഞ്ഞ ട്രംപ് യാത്രാനിരോധനം ഉടന്‍ പുനഃസ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അപ്പീല്‍ തള്ളിയത്. യാത്രാനിരോധനം നീക്കിയ ഫെഡറല്‍ കോടതി വിധിക്ക് അടിയന്തര സ്‌റ്റേ ആവശ്യപ്പെട്ടു ശനിയാഴ്ച വൈകിട്ടാണു ട്രംപ് ഭരണകൂടം അപ്പീല്‍ നല്‍കിയത്. ഞായറാഴ്ച പുലര്‍ച്ചെയോടെ ഇതു തള്ളുകയായിരുന്നു.
