കെ മുരളീധരനെ പരിഹസിച്ച് പിണറായി

കൊച്ചി: ലോ അക്കാദമി വിഷയത്തില്‍ നിരാഹാരം കിടക്കുന്ന കെ മുരളീധരനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോള്‍ പതിച്ചു നല്‍കിയ ഭൂമി തിരിച്ചു പിടിക്കാനാണ് മകന്‍ ഗേറ്റില്‍ നിരാഹാരം കിടക്കുന്നതെന്നും മുകളില്‍ ചെന്നിട്ടും തന്നെ മകന്‍ വിടില്ലല്ലോ എന്ന് അദ്ദേഹത്തിന്റെ ആത്മാവ് ഓര്‍ക്കുന്നുണ്ടാകുമെന്നും പിണറായി കളിയാക്കി.
അച്ഛനെതിരേ പലതും പറഞ്ഞിട്ടുള്ള മകനാണ് ഇതെന്ന് എല്ലാവര്‍ക്കുമറിയാം. ആത്മാവില്‍ വിശ്വാസമുള്ളവര്‍ എന്ന നിലയില്‍ അച്ഛന്റെ ആത്മാവ് എല്ലാം മുകളിലിരുന്ന് കാണുന്നുണ്ടെന്ന് മകന്‍ ഓര്‍ക്കണമെന്നും പിണറായി പറഞ്ഞു. ലോ അക്കാദമിക്ക് കൊടുത്ത ഭൂമി തിരിച്ചുപിടിച്ച് നടരാജപിള്ളയുടെ കുടുംബത്തിന് നല്‍കാന്‍ ഈ സര്‍ക്കാരിന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

1984 ല്‍ കെ കരുണാകരന്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ സ്ഥലം മാര്‍ക്കറ്റ് വില വാങ്ങി പരസ്യമായാണ് പതിച്ചു നല്‍കിയത്. അന്ന് അതിനെതിരേ ഒരു ശബ്ദവും ഉയര്‍ന്നിരുന്നില്ല. അതിനുശേഷം ഒട്ടേറെ സര്‍ക്കാരുകള്‍ വരികയും ചെയ്തു. അത്തരത്തിലുള്ളൊരു സ്ഥലം ഇപ്പോള്‍ ഏറ്റെടുത്ത് നടരാജന്‍ പിള്ളയുടെ കുടുംബത്തിന് നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് പിണറായി ആവര്‍ത്തിച്ചു.

കേരളരൂപീകരണത്തിന് മുന്പ് പട്ടം താണുപിള്ളയുടെ സര്‍ക്കാരില്‍ മന്ത്രിസഭയില്‍ നടരാജപിള്ള ഉണ്ടായിരുന്നു. എന്നാല്‍ ഭുമി തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ല. കേരള രൂപീകരണത്തിന് ശേഷം ഈ ഭൂമി ലോ അക്കാദമിക്ക് പാട്ടത്തിന് നല്‍കുകയായിരുന്നു. കൃഷിഭൂമി ആയിരുന്നതിനാല്‍ ഏതെങ്കിലും എതിര്‍പ്പുണ്ടായെങ്കില്‍ അക്കാര്യം അന്ന് കൃഷിമന്ത്രി ആയിരുന്ന എംഎന്‍ ഗോവിന്ദന്‍ നായര്‍ രേഖപ്പെടുത്തണമായിരുന്നു. പിന്നീടാണ് കരുണാകരന്‍ പതിച്ചു നല്‍കിയത്.

അതേസമയം കെ കരുണാകരന്‍ ഭൂമി പതിച്ചു നല്‍കിയത് ഗവര്‍ണര്‍ രക്ഷാധികാരിയായ സമിതിക്കാണെന്നും മുഖ്യമന്ത്രി, ഹൈക്കോടതി, സുപ്രീംകോടതി ജഡ്ജിമാര്‍ അടങ്ങിയതായിരുന്നു ഈ സമിതിയെന്നുമാണ് ഇതിന് മുരളീധരന്റെ മറുപടി. കെ കരുണാകരന്‍ ഇപ്പോഴും കേരളജനതയുടെ നേതാവാണെന്നും മുഖ്യമന്ത്രി സ്ഥാനം വിട്ടാല്‍ പിന്നെ പിണറായിയെ ആരും തിരിഞ്ഞു നോക്കുമെന്ന് വിചാരിക്കേണ്ടെന്നുമായിരുന്നു ഇതിന് മുരളീധരന്റെ തിരിച്ചടി.

Leave a Reply

Your email address will not be published. Required fields are marked *