കോട്ടയം: പ്രമുഖ നടിയെ തട്ടികൊണ്ടുപോയ സംഭവം കേരളത്തില്‍ ഗുണ്ടാരാജ് നടമാടുന്നതിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. സ്ത്രീകള്‍ക്കും പട്ടിക ജാതിക്കാര്‍ക്കുമെതിരെ പീഡനങ്ങള്‍ വര്‍ധിച്ചുവരികയാണ്. മുഖ്യമന്ത്രിയും ആഭ്യന്തരവകുപ്പും അക്രമങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. വിവിധ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴു മാസത്തിനിടെ 600 എഫ്ഐആറുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയത്ത്. എന്നാല്‍ ഒരു കേസിലും പ്രതികളെ പിടികൂടാന്‍ പൊലീസിനു കഴിയുന്നില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് കഴിയാത്ത മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
ലോ അക്കാദമിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ എത്തിയ ദേശീയ വനിതാ കമ്മിഷന് അംഗം സുഷമ സാഹുവിനെ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര ജോയിന്റ് സെക്രട്ടറിയുടെ റാങ്ക് ഉള്ള വനിതാ കമ്മിഷന് അംഗത്തിന് യാത്രാസൗകര്യമോ താമസ സൗകര്യമോ സര്‍ക്കാര്‍ നല്‍കിയില്ല. പൊലീസും നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതെന്നും കുമ്മനം പറഞ്ഞു.
ലാവ്ലിന് കേസില്‍ സിബിഐക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണം ശരിയല്ല. കേസ് നടത്തിപ്പില്‍ സിബിഐയുടെ ഭാഗത്ത് ഒരു വീഴ്ചയുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്റ അഭിഭാഷകന് എം.കെ. ദാമോദരന്‍ സുഖമില്ലാതെ കിടപ്പിലാണെന്നും അതിനാല്‍ കോടതിയില്‍ ഹാജരാകാനാകില്ലെന്നും അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്. മാര്‍ച്ച് ഒന്‍പതിന് കേസ് വീണ്ടും കോടതി പരിഗണിക്കുമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
