മോദിക്കെതിരെ വീണ്ടും താക്കറെ

മുംബൈ: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. ഇന്ത്യയുടെ സൃഷ്ടാവും രാഷ്ട്രപിതാവും മോദിയാണെന്നാണ്  ബിജെപിയുടെ വിചാരം എന്ന് താക്കറെ പരിഹസിച്ചു. താനെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയുടെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം പരാജയമായിരുന്നു. കള്ളപ്പണം തിരിച്ച് കൊണ്ടുവരാനോ അഴിമതി തടയാനോ സാധിച്ചില്ല.
നോട്ട് നിരോധനം ബഹുഭൂരിപക്ഷം വരുന്ന സാധരണക്കാരെ ബുദ്ധിമുട്ടിച്ചു.  ധനികരെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും താക്കറെ പറഞ്ഞു.

നോട്ട് നിരോധനം മൂലം തനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടോ എന്നാണ് അവര്‍ ചോദിക്കുന്നത്. രാജ്യത്തെ ബഹുഭൂരിപക്ഷം സാധാരണ ജനങ്ങള്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും ആളുകള്‍ ക്യൂവില്‍ നിന്ന് മരിച്ച് വീഴുമ്പോഴും തനിക്ക്  ബുദ്ധിമുട്ടുണ്ടായി. രാജ്യത്തെ സൈനികര്‍ക്ക് പണം പിന്‍വലിക്കാന്‍ കഴിയാത്ത അവസ്ഥയും തനിക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചതായും താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയില്‍ എന്‍.ഡി.എ സഖ്യകക്ഷിയായിരുന്ന ശിവസേന കഴിഞ്ഞ തിരഞ്ഞെടുപ്പോടെ സഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തില്‍ ശിവസേന ഇപ്പോഴും എന്‍.ഡി.എയുടെ ഭാഗമാണ്. മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെയും താക്കറെ വിമര്‍ശനം ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *