തിരുവനന്തപുരം: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും പ്രതി ചേര്‍ത്തു. വിജിലന്‍സ് ആണ് ഉമ്മന്‍ചാണ്ടിയെയും പ്രതിയാക്കി കേസ് എടുത്തത്. മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. വിഎസ് അച്യുതാനന്ദന് നല്കിയ പരാതിയില്‍ വിജിലന്‍സ് കോടതിയാണ് ഉമ്മന്‍ചാണ്ടിയെയും പ്രതിയാക്കാന്‍ വിജിലന്‍സിനു നിര്‍ദേശം നല്‍കിയത്. കേസ് രേഖകളും റിപ്പോര്‍ട്ടുകളും പരിഗണിച്ച ശേഷമാണ് നടപടി. നേരത്തെ കേസ് പുരോഗതി റിപ്പോര്‍ട്ട് സമര്പിക്കാത്തതിനു വിജിലന്‍സിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
കേസില്‍ രേഖകളൊക്കെ ലഭിച്ചിട്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് വിജിലന്‍സിനോട് നേരത്തെ കോടതി ചോദിച്ചിരുന്നു.
ദ്രുതപരിശോധന നടക്കുകയാണെന്നും ചില ഫയലുകള്‍ ലോകായുക്തയുടെ കൈവശമായതിനാലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്നുമായിരുന്നു വിജിലന്‍സ് നല്കിയ മറുപടി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും വിജിലന്‍സ് അറിയിച്ചിരുന്നു. തുടര്‍ന്ന് കേസ് പിന്നീട് പരിഗണിക്കാനായി മാറ്റുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട രേഖകളുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് വിഎസിന്റെ അഭിഭാഷകനോടും കോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കതിരെ അഴിമതി ആരോപിച്ചാണ് വിഎസ് ഹര്‍ജി നല്‍കിയത്. സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്കു വിട്ടുനല്‍കാന്‍ ഉമ്മന്‍ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും അടക്കമുള്ളവര്‍ കൂട്ടുനിന്നെന്നും വിഎസ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
