വരള്‍ച്ച: സര്‍വകക്ഷി സംഘം ഡല്‍ഹിക്ക്

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന രൂക്ഷമായ വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് കൂടുതല്‍ സഹായം അഭ്യര്‍ഥിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു. ഇതിനായി സംസ്ഥാനത്തു നിന്നുള്ള സര്‍വകക്ഷി സംഘം ഡല്‍ഹിക്ക് പോകുമെന്നും സര്‍വകക്ഷി യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനം നേരിട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. കുടിവെള്ള പ്രശ്‌നവും സംസ്ഥാനത്ത് രൂക്ഷമായിരിക്കുകയാണ്. ജലം ഉപയോഗിക്കുന്നതില്‍ എല്ലാവരും നല്ല രീതിയില്‍ ജാഗ്രത പാലിക്കണമെന്നും കൂട്ടായ പ്രവര്‍ത്തനം ഇതിനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജലദൗര്‍ലഭ്യം കൂടുതലുള്ള പ്രദേശങ്ങളില്‍ ടാങ്കറില്‍ വെള്ളം എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ അതാത് ജില്ലകളില്‍ ഇതിന് നേതൃത്വം നല്‍കും. വെള്ളം വിതരണം ചെയ്യേണ്ട ചുമതല പഞ്ചായത്തുകള്‍ക്കായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കുഴല്‍ക്കിണറുകള്‍ കുഴിക്കുന്നത് തടയരുതെന്നാണ് സര്‍വകക്ഷി യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നത്. എന്നാല്‍ ചിലര്‍ കുഴല്‍ക്കിണര്‍ കുഴിച്ച് ഭൂഗര്‍ഭ ജലം വ്യാവസായിക അടിസ്ഥാനത്തില്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് തടയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന് അനുവദിച്ചിരുന്ന റേഷന്‍ വിഹിതം പുനസ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടാനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചു. കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വിഹിതത്തില്‍ രണ്ടു ലക്ഷത്തോളം മെട്രിക് ടണ്‍ റേഷന്റെ കുറവുണ്ട്. സംസ്ഥാനത്തെ റേഷന്‍ സംവിധാനത്തിലെ പരാതികള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *