കൗര്‍ ക്യാമ്പയിനില്‍ നിന്നും പിന്മാറി

ന്യൂഡല്‍ഹി: എബിവിപിക്കെതിരെ ശക്തമായ സോഷ്യല്‍മീഡിയ ക്യാമ്പയിന്‍ നടത്തിയ കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മെഹര്‍ കൗര്‍ ക്യാമ്പയിനില്‍ നിന്നും പിന്മാറി. എബിവിപി ഗുര്‍മെഹറിനു നേരെ ബലാല്‍സംഗ ഭീഷണി മുഴക്കിയത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥിനി കൂടിയായ ഗുര്‍മെഹര്‍ ക്യാമ്പയിനില്‍ നിന്നും പിന്മാറിയത്. കാര്‍ഗില്‍ രക്തസാക്ഷി ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിന്റെ മകളായ ഗുര്‍മെഹര്‍ ട്വിറ്ററിലൂടെയും ഫേസ്ബുക്കിലൂടെയുമാണ് തന്റെ പിന്മാറ്റം വ്യക്തമാക്കിയത്. ‘സേവ് ഡല്‍ഹി യൂണിവേഴ്‌സിറ്റി’ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കൗര്‍ വിദ്യാര്‍ത്ഥികളോട് അഭ്യര്‍ത്ഥിച്ചു.

താന്‍ ആ കാമ്പയിനില്‍ നിന്നും പിന്മാറുകയാണ്. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. തന്നെ ഒറ്റക്ക് വിടാന്‍ അഭ്യര്‍ത്ഥിക്കുന്നു. താന്‍ പറയാനുള്ളത് പറഞ്ഞുവെന്നും കൗര്‍ വ്യക്തമാക്കി. ഒരു ഇരുപതുകാരിക്ക് കഴിയുന്നത്ര ചെയ്തുകഴിഞ്ഞു എന്ന് വ്യക്തമാക്കിയാണ് പിന്‍മാറ്റം. ‘സേവ് ഡല്‍ഹി യൂണിവേഴ്‌സിറ്റി’ എന്ന ഗുര്‍മെഹറിന്റെ സോഷ്യല്‍ മീഡിയാ ക്യാമ്ബയിന്‍ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

എബിവിപിക്കെതിരായ ക്യാംപയിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ ഡല്‍ഹി സര്‍വകലാശാല ശ്രീറാം കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായ കൗറിന് നേരെ ആക്രമണമാണ് നടന്നത്. കൗറിനെ ബലാത്സംഗം ചെയ്യുമെന്ന് വരെ ഭീഷണിയുണ്ടായി. തുടര്‍ന്ന് ഇന്നലെ കൗറിന് പോലീസ് സംരക്ഷണം ലഭിച്ചിരുന്നു. എന്റെ പിതാവിനെ വധിച്ചത് പാകിസ്താനല്ല, യുദ്ധമാണെന്നും എഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിയതിനെ ചൊല്ലി ഗുര്‍മെഹറിനെ കളിയാക്കിയും വിമര്‍ശിച്ചും ക്രിക്കറ്റ്താരം വീരേന്ദര്‍ സെവാഗും കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവും രംഗത്തെത്തിയിരുന്നു. വിദ്യാര്‍ത്ഥിനിയുടെ ചിത്രവും ദാവൂദ് ഇബ്രാഹീമിന്റെ ചിത്രവും ചേര്‍ത്തുവെച്ച് ബിജെപി എംപി പ്രതാപ് സിന്‍ഹയും സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു.

രാംജാസ് കോളജില്‍ നടന്ന എബിവിപി ആക്രമണത്തിനെതിരെ വിദ്യാര്‍ത്ഥിനി തുടങ്ങിവെച്ച ക്യാമ്ബയിനാണ് പ്രകോപനത്തിന് കാരണം. ‘ഞാന്‍ ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയാണ്, എനിക്ക് എബിവിപിയെ ഭയമില്ല, ഞാന്‍ ഒറ്റക്കല്ല, രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ഥികളും എനിക്കൊപ്പമുണ്ട്’, തുടങ്ങിയ വരികള്‍ എഴുതിവെച്ച പോസ്റ്റുമായി നില്‍ക്കുന്ന ചിത്രം ഗുര്‍മെഹര്‍ വെള്ളിയാഴ്ചയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 1999ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തിലാണ് ഗുര്‍മെഹറിന്റെ പിതാവ് ക്യാപ്റ്റല്‍ മന്‍ദീപ് സിങ് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *