സ്പീക്കര്‍ പക്ഷപാതപരമായാണ് പെരുമാറി

തിരുവനന്തപുരം: ശിവസേനയുടെ സദാചാരഗുണ്ടാ അക്രമത്തെപ്പറ്റിയുള്ള ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം നിയമസഭാ രേഖകളില്‍നിന്നു നീക്കാത്ത സ്പീക്കര്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടയാളാണ് സ്പീക്കര്‍. നിര്‍ഭാഗ്യവശാല്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തില്‍നിന്ന് അതുണ്ടായില്ലെന്നും നിയമസഭയ്ക്കു പുറത്ത് മാധ്യമങ്ങളെ കണ്ട ചെന്നിത്തല ആരോപിച്ചു.

കഴിഞ്ഞ ദിവസം താന്‍ നടത്തിയ പരാമര്‍ശം ആരും ആവശ്യപ്പെടാതെ തന്നെ രേഖകളില്‍നിന്ന് നീക്കിയ സ്പീക്കര്‍, പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയുടെ പരാമര്‍ശം നീക്കാന്‍ തയാറായില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിനു നേരെ അടിസ്ഥാനരഹിതമായ ആരോപണമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. അതിനാലാണ് സഭ ബഹിഷ്‌കരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

വര്‍ഗീയ പാര്‍ട്ടികളെ നേരിടാന്‍ ശക്തിയുള്ള മുന്നണിയാണ് യുഡിഎഫ്. ആര്‍എസ്എസിനോടും ബിജെപിയോടും പോരാടുന്നതിന് തങ്ങള്‍ക്ക് പിണറായിയുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *