ലക്‌നൗ: ഇന്ത്യയെയും ഉത്തര്‍പ്രദേശിനെയും ഹിന്ദുരാഷ്ട്രമായി മാറ്റാതെ വിശ്രമമില്ല എന്ന് പ്രഖ്യാപിച്ച യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആയി ചുമതലയേറ്റതോടെ മതനിരപേക്ഷ സമൂഹവും ന്യൂനപക്ഷങ്ങളും വന്‍ ഭീഷണിയാണ് നേരിടുന്നത്. സാമുദായിക കലാപം സൃഷ്ടിക്കല്‍, കൊലപാതക ശ്രമം, വര്‍ഗീയവിദ്വേഷ പ്രചാരണം, ഭീഷണിപ്പെടുത്തല്‍, ആയുധം കൊണ്ടുനടക്കല്‍ എന്നിവയടക്കം ഒട്ടേറെ കേസില്‍ പ്രതിയായ ഒരാളെ മുഖ്യമന്ത്രിയായി പ്രതിഷ്ഠിച്ചത് നല്‍കുന്ന സന്ദേശം ഇതര വിഭാഗങ്ങളില്‍ ഭീതി ഉണ്ടാക്കുന്നതുതന്നെയാണ്. അതിതീവ്രമായ വര്‍ഗീയ നിലപാടുകള്‍ പ്രായോഗികതയില്‍ കൊണ്ടുവരാന്‍ ബിജെപി ഉറപ്പിച്ചതിന്റെ വ്യക്തമായ സൂചനയാണ് ആദിത്യനാഥിന്റെ സ്ഥാനലബ്ധി നല്‍കുന്നതും.
ദാദ്രിയില്‍ ബീഫിന്റെ പേരില്‍ വര്‍ഗീയഭ്രാന്തന്മാര്‍ തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ ഗോവധത്തിന്‌കേസെടുക്കണമെന്നു പ്രഖ്യാപിച്ച ആദിത്യനാഥ് അധികാരമേറ്റത് യുപിയിലെ ന്യൂനപക്ഷജനവിഭാഗത്തിന്റെ ഭീതി ഏറ്റുകയാണ് ചെയ്തത്. ഏഴു രാജ്യങ്ങളില്‍നിന്നുള്ള മുസഌങ്ങളെ വിലക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പ്രശംസിക്കുകയും ചെയ്തിരുന്നു ആദിത്യനാഥ്.
അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ഉറച്ചു വാദിക്കുന്ന നാല്‍പ്പത്തിനാലുകാരനായ വിവാദ സന്യാസി ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍നിന്ന് 1998 മുതല്‍ ലോക്‌സഭാംഗമാണ്. അജയ്‌സിങ് എന്നായിരുന്നു ആദ്യപേര്. ഹിന്ദു യുവവാഹിനി എന്ന സംഘടനയുടെ സ്ഥാപകനും ഗോരഖ്പുര്‍ മഠത്തിന്റെ മേധാവിയുമാണ്. 2007ലെ ഗോരഖ്പുര്‍ വര്‍ഗീയ കലാപത്തെതുടര്‍ന്ന് ജയിലിലടച്ചു. സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലം സന്ദര്‍ശിക്കരുതെന്നും പ്രകോപനപരമായ പ്രസംഗം നടത്തരുതെന്നും ആദിത്യനാഥിനോട് ജില്ലാ മജിസ്‌ട്രേട്ട് നിര്‍ദേശിച്ചിരുന്നു. ഇത് ലംഘിച്ച് സ്ഥലത്തു പോയി വര്‍ഗീയവിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് പൊലീസ് അറസ്റ്റുചെയ്തത്. മുസ്ലിം യുവാക്കള്‍ ഹിന്ദു യുവതികളെ പ്രണയം നടിച്ച് വിവാഹം ചെയ്ത് ‘ലൌ ജിഹാദ്’ നടത്തുന്നുവെന്ന പ്രചാരണം നയിച്ചതും ആദിത്യനാഥാണ്.
ഉത്തര്‍പ്രദേശിനെയും ഇന്ത്യയെയും ഹിന്ദുരാഷ്ട്രമായി മാറ്റാതെ വിശ്രമമില്ല എന്നാണ് യോഗി ആദിത്യനാഥ് 2005ല്‍ ഇറ്റയില്‍ പ്രഖ്യാപിച്ചത്. ന്യൂനപക്ഷക്കാരായ അയ്യായിരത്തോളംപേരെ ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനംചെയ്ത യോഗത്തിലായിരുന്നു ഈ പ്രസംഗം. 2002ല്‍ തീവ്രഹിന്ദുസംഘടനയായ ഹിന്ദു യുവവാഹിനിക്ക് രൂപം നല്‍കി. ആയുധങ്ങളുമായി അഴിഞ്ഞാടിയ യുവവാഹിനി പ്രവര്‍ത്തകര്‍ ഭീകരതയുടെ കാര്യത്തില്‍ ആര്‍എസ്എസിനെയും മറികടന്നു. ഗോരഖ്പുരിലും പരിസരപ്രദേശങ്ങളിലും ന്യൂനപക്ഷങ്ങള്‍ തുടര്‍ച്ചയായി വേട്ടയാടപ്പെട്ടു.
തീവ്ര വര്‍ഗീയമുഖമായ ആദിത്യനാഥിനെതിരെ നിരവധി ക്രിമിനല്‍കേസുണ്ട്. മതവൈരം വളര്‍ത്തി, ന്യൂനപക്ഷ ആരാധനാലയങ്ങള്‍ തകര്‍ത്തു തുടങ്ങിയ കുറ്റങ്ങളാണ് അധികവും. മാരകായുധങ്ങളുമായി കലാപം നടത്തിയതിന് അഞ്ച് കേസ് നിലവിലുണ്ട്. കൊലപാതകശ്രമത്തിന് രണ്ട് കേസും മറ്റുള്ളവരുടെ പൊതുസുരക്ഷ അപകടത്തിലാക്കിയതിന് ഒരു കേസ് വേറെയും. രണ്ടു കേസില്‍ കോടതി ശിക്ഷിച്ചു. പ്രകോപനപരമായി സംസാരിച്ച് സമാധാനലംഘനം നടത്തിയതിനും പൊതുമുതല്‍ നശിപ്പിക്കുംവിധം കലാപപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുമാണ് യുപി മുഖ്യമന്ത്രി ശിക്ഷിക്കപ്പെട്ടിട്ടുള്ളത്.
ആദിത്യനാഥിന്റെ സാന്നിധ്യത്തിലാണ് ഒരു യുവവാഹിനി നേതാവ് ന്യൂനപക്ഷസ്ത്രീകളെ കുഴിമാടത്തില്‍നിന്നുപോലും പുറത്തെടുത്ത് ബലാത്സംഗം ചെയ്യണമെന്ന് പ്രസംഗിച്ചത്. ആദിത്യനാഥിനെപ്പോലുള്ള സന്യാസികള്‍ അധികാരത്തില്‍ വരുമ്‌ബോള്‍ ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൌരന്മാരാക്കി മാറ്റുമെന്നും അവരുടെ ആരാധനാലയങ്ങള്‍ പന്നികളുടെ കശാപ്പുശാലയാക്കി മാറ്റുമെന്നും വോട്ടവകാശം എടുത്തുകളയുമെന്നും ഇന്ത്യാചരിത്രം തിരുത്തിയെഴുതുമെന്നും ഇയാള്‍ പ്രസംഗിച്ചപ്പോള്‍ ഇപ്പോഴത്തെ യുപി മുഖ്യമന്ത്രി കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. 2013ലെ മുസഫര്‍നഗര്‍ കലാപത്തിനുശേഷം ഉത്തര്‍പ്രദേശില്‍ വര്‍ഗീയ ധ്രുവീകരണം സൃഷ്ടിച്ച സംഘപരിവാര്‍ പ്രചാരണത്തില്‍ ആദിത്യനാഥ് നിര്‍ണായക പങ്കുവഹിച്ചതോടെ വീണ്ടും ബിജെപിയുടെ മുഖ്യധാരയിലെത്തി.
സന്ന്യാസിയാണെങ്കിലും ആദിത്യനാഥിന് 73 ലക്ഷം രൂപയുടെ സ്വത്തുണ്ട്. ഇതില്‍ 36 ലക്ഷത്തിന്റേത് ആഡംബരവാഹനങ്ങളാണ്. രണ്ടു ലക്ഷത്തിന്റെ ആയുധങ്ങളും കൈവശമുണ്ട്. അയോധ്യയില്‍ അമ്ബലം പണിയാനുള്ള ആര്‍എസ്എസ് നീക്കത്തില്‍ ആകൃഷ്ടനായാണ് ആദിത്യനാഥ് സംഘപരിവാറിലെത്തുന്നത്. അയോധ്യാ പ്രസ്ഥാനത്തിന്റെ മുന്‍നിരക്കാരനായ മഹന്ത് അവൈദ്യനാഥിന്റെ ശിഷ്യനായി 1994ല്‍ സന്ന്യാസജീവിതം സ്വീകരിക്കുകയും ആദിത്യനാഥെന്ന് പേരുമാറ്റുകയും ചെയ്തു. 2014ല്‍ അവൈദ്യനാഥിന്റെ മരണത്തെതുടര്‍ന്ന് ഗോരഖ്പുര്‍ മഠത്തിന്റെ തലവനായി.
സൂര്യനമസ്‌കാരത്തെ എതിര്‍ക്കുന്നവര്‍ ഹിന്ദുസ്ഥാന്‍ വിട്ടുപോകണം, ഇന്ത്യയെ െ്രെകസ്തവവല്‍ക്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് മദര്‍ തെരേസ,മുസഌം ജനസംഖ്യ കൂടുതലുള്ള സ്ഥലങ്ങളിലാണ് ലഹളകള്‍ കൂടുന്നത്, സിനിമ കാണേണ്ടതില്ലെന്ന് ജനങ്ങള്‍ തീരുമാനിച്ചാല്‍ സാധാരണ മുസ്ലിമിനെപ്പോലെ തെരുവില്‍ അലയേണ്ടിവരുമെന്ന് ഷാരൂഖ് ഖാന്‍ ഓര്‍ക്കണം. ഷാരൂഖ് ഖാന്റെയും ഹാഫിസ് സയീദിന്റെയും വാക്കുകള്‍ ഒരു പോലെയാണ്. എല്ലാ തടസ്സങ്ങളും നീക്കി അയോധ്യയില്‍ രാമക്ഷേത്രം പണിയും, ഒരു ഹിന്ദുവിനെ കൊന്നാല്‍ നൂറ് മുസ്ലീങ്ങളെ കൊല്ലും. ഒരു ഹിന്ദുസ്ത്രീയെ കടത്തിയാല്‍ നൂറ് മുസ്ലിം സ്ത്രീകളെ കടത്തും, പാകിസ്ഥാനിലേക്ക് പോകണമെന്നുള്ളവര്‍ അങ്ങനെ ചെയ്യണം. അതിനുള്ള പിച്ചക്കാശ് തരാം ന്യൂനപക്ഷങ്ങള്‍ സമാധാനത്തോടെ കഴിയാന്‍ തയ്യാറാകണം. അതല്ലെങ്കില്‍ അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ സമാധാനത്തില്‍ കഴിയാന്‍ പഠിപ്പിക്കും തുടങ്ങിയവയാണ് തുടങ്ങിയവയാണ് ആദിത്യനാഥിന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍.
