മലപ്പുറം: മുസ്ലിം ലീഗ് അണികള്‍ മലപ്പുറത്തിന്റെ പുലിക്കുട്ടിയെന്നാണ് കുഞ്ഞാലിക്കുട്ടിയെ പൊതുവെ വിശേഷിപ്പിക്കാറുള്ളത്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലാകട്ടെ കടുത്ത മത്സരമാണ് കുഞ്ഞാലിക്കുട്ടിയും ലീഗും നേരിടുന്നത്. എല്‍ഡിഎഫ്, ബിജെപി സ്ഥാനാര്‍ത്ഥികളും വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനമുള്ളവര്‍ തന്നെ. ഇതോടെ മുന്നണികള്‍ വാക്‌പോരും വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള പ്രസംഗങ്ങളും പ്രസ്താവനകളുമായി തെരഞ്ഞെടുപ്പ് പ്രചരണ കൊഴുപ്പിക്കുകയാണ്.
പ്രചരണം കടുക്കുമ്പോള്‍ എതിരാളികളെ വെല്ലുവിളിക്കുന്നതും പതിവ് തന്നെ. എല്‍ഡിഎഫില്‍ നിന്നും വോട്ട് പിടിക്കാനായി ലപ്പുറത്തെത്തിയ നേതാക്കളെല്ലാം ആത്മാവിശ്വാസത്തില്‍ തന്നെയാണ്.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ഇടതുമുന്നണിയുടെ പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനില്‍ വളരെ രസകരമായ ഒരു പ്രസ്താവന നടന്നത്.
ഇടതുപക്ഷത്തിന്റെ രസികനായ പ്രാസംഗികന്‍ ഉഴവൂര്‍ വിജയനായിരുന്നു ലീഗിനെതിരെ ശരം തൊടുത്തത്. സംഭവം കുഞ്ഞാലിക്കുട്ടി പുലിയാണെന്ന് സമ്മതിക്കാന്‍ ഉഴവൂരിന് മടിയൊന്നുമില്ല. പക്ഷെ കുഞ്ഞാലിക്കുട്ടി പുലിയാണെങ്കില്‍, ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എംബി ഫൈസല്‍ പുലിമുരുകനാണെന്നാണ് ഉഴവൂരിന്റെ കണ്ടെത്തല്‍. പുലിയെ മുരുകന്‍ പിടിച്ചുകെട്ടുക തന്നെ ചെയ്യുമെന്നതില്‍ തര്‍ക്കമില്ല. കുഞ്ഞാലിക്കുട്ടി നോമിനേഷന്‍ പിന്‍വലിച്ചില്ലെങ്കില്‍, അന്തരിച്ച ഇ അഹമ്മദിന്റെ ആത്മാവ് പൊറുക്കില്ലെന്നും ഉഴവൂര്‍ വിജയന്‍ കത്തിക്കയറി. തന്റെ മകള്‍ മത്സരിക്കാന്‍ തയ്യാറായിട്ടും ലീഗ് അനുമതി നല്‍കാത്തതിനാല്‍, ഇ അഹമ്മദിന്റെ ആത്മാവ് ഇപ്പോള്‍ ഫൈസലിനൊപ്പമാണെന്നും ഉഴവൂര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
പഴയ സുഹൃത്ത് പിടിഎ റഹീമും കുഞ്ഞാപ്പയെന്ന പുലിക്കുട്ടിയെ വെറുതെവിട്ടില്ല. പുലിയെന്ന് പറഞ്ഞ് ഇപ്പോള്‍ ഞെളിയുന്ന കുഞ്ഞാലിക്കുട്ടിയുടെ കുറ്റിപ്പുറം അനുഭവം ഓര്‍മ്മിപ്പിച്ചായിരുന്നു റഹീമും രംഗത്തെത്തിയത്. എലിയെ കൊല്ലാന്‍ തോക്ക് എടുക്കണോ എന്നായിരുന്നു 2006ല്‍ കുറ്റിപ്പുറത്ത് ജലീലിനെതിരെ ലീഗുകാര്‍ ചോദിച്ചത്. എന്നാല്‍ ഫലപ്രഖ്യാപനത്തിന് ശേഷം ആ തോക്കിന്റെ ഉടമയെ കണ്ടിരുന്നില്ലെന്നും റഹീം പരിഹസിച്ചു. ജലീലിന് നിയമസഭയിലും ടികെ ഹംസയ്ക്ക് ലോകസഭയിലും എത്താമെങ്കില്‍, ഫൈസലിന് പാര്‍ലമെന്റില്‍ തീര്‍ച്ചയായും എത്താനാകുമെന്നും പിടിഎ റഹീം ആത്മവിശ്വാസം രേഖപ്പെടുത്തി.
നേരത്തെ കുറ്റിപ്പുറം ആവര്‍ത്തിക്കുമെന്നും എല്‍ഡിഎഫ് ഉജ്വലവിജയം നേടുമെന്നും സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.ഡിവൈഎഫ്‌ഐ ജില്ലാ അധ്യക്ഷനും ജില്ലാ പഞ്ചായത്ത് അംഗവുമായ എംബി ഫൈസലാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സ്ഥാനാര്‍ത്ഥി. ഏതായാലും പുലിയാണോ പുലിമുരുകനാണോ അന്തിമ വിജയം നേടുക എന്നതു മാത്രമാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.
