റിയാദ്: സൗദി അറേബ്യയില്‍ മാര്‍ച്ച് 29 മുതല്‍ പ്രാബല്യത്തില്‍ വരുന്ന മൂന്നു മാസക്കാലത്തെ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്താന്‍ സൗദിയിലെ ഇന്ത്യന്‍ എംബസി നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദിന്റെ നേതൃത്വത്തില്‍, സൗദി വിദേശകാര്യ സഹമന്ത്രി തമീം മാജിദ് അല്‍ ദോസരിയുമായി കൂടിക്കാഴ്ച നടത്തി.
റിയാദിലെ സഹമന്ത്രിയുടെ ഓഫിസില്‍ നടന്ന കൂടിക്കാഴ്ചയില്‍ പൊതുമാപ്പുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ എംബസി അധികൃതര്‍ ശേഖരിച്ചു.ഇത് അനുസരിച്ചായിരിക്കും അനന്തര നടപടി ക്രമങ്ങള്‍ എംബസി പൂര്‍ത്തിയാക്കുക. പൊതുമാപ്പ് പ്രഖ്യാപിച്ച സൗദി രാജാവിന്റെ നടപടിയില്‍, അംബാസഡര്‍ നന്ദി അറിയിച്ചു.
താമസ, തൊഴില്‍ നിയമ ലംഘകര്‍ക്കും സ്പോണ്സറില് നിന്നും ഒളിച്ചോടിയവര്‍ക്കും പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കും. തടവ്, പിഴ ശിക്ഷ എന്നിവ ഇല്ലാതെ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനാകും. ഹജ്ജ്, ഉംറ സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കും പൊതുമാപ്പ് സഹായകമാകും. പൊതുമാപ്പ് കാലയളവില്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് വീണ്ടും സൗദിയില്‍ പ്രവേശിക്കുന്നതിനോ, ജോലി ചെയ്യുന്നതിനോ വിലക്കുണ്ടാകില്ലെന്ന പ്രത്യേകതയുമുണ്ട്.
