മലപ്പുറം: എല്‍ ഡി എഫ് ഭരണത്തെക്കുറിച്ച് സി പി എമ്മുകാര്‍ക്ക് പോലും നല്ല അഭിപ്രായമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റു പറ്റിയെന്ന് മുഖ്യമന്ത്രി തന്നെ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. സി പി എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്കും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഭരണം പോരെന്ന അഭിപ്രായമാണുള്ളത്. യു ഡി എഫ് പറയുന്ന കാര്യങ്ങള്‍ ശരിയാണെന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കാണിക്കുന്നത്. ഭരണ വീഴ്ചകള്‍ മുതലെടുക്കാന്‍ പൊതുമുതല്‍ നശിപ്പിച്ചുള്ള അക്രമ സമരം യു ഡി എഫ് നയമല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാറിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി ശക്തമായി പ്രതികരിക്കുന്നുണ്ട്. സര്‍ക്കാറിന്റെ പ്രതിഛായ നന്നായോ, നഷ്ടപ്പെട്ടോ എന്നത് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്‍ ഡി എഫ് സര്‍ക്കാര്‍ എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ കൈകാര്യം ചെയ്തതത് ക്രിമിനല്‍ ലാഘവത്തോടെയാണ്. 13ലക്ഷം വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ബാധിക്കുന്ന പ്രശ്‌നമായി ഇത് മാറി. കാലങ്ങളായി വ്യക്തമായ മാനദണ്ഡവും മാര്‍ഗനിര്‍ദേശങ്ങളും ഈ പരീക്ഷ നടത്തുന്നതിന് നിലവിലുണ്ട്. രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി ഇത് മാറ്റുകയാണ് ചെയ്തത്. അതിശക്തമായ പ്രക്ഷോഭം ഇതിനെതിരെ യു ഡി എഫ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി രാജിവെക്കാന്‍ ആവശ്യപ്പെടുമോയെന്ന ചോദ്യത്തിന് ധാര്‍മികത അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അനാവശ്യമായി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതോടെ തദ്ദേശ സ്ഥാപന പദ്ധതി നടത്തിപ്പ് 50ശതമാനം പോലും പൂര്‍ത്തിയാക്കാനായില്ല. എ കെ ശശീന്ദ്രന്റെ രാജിവെക്കാനുള്ള തീരുമാനത്തോടും ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യമുന്നയിച്ചതിനോടും യോജിപ്പാണുള്ളത്. എന്നാല്‍ ഈ സംഭവത്തില്‍ മാധ്യമങ്ങള്‍ ഇത്തരം പ്രവര്‍ത്തനം നടത്തുന്നതിനോട് യോജിപ്പില്ല. കേസില്‍ ജുഡീഷ്യല്‍ അന്വേഷണം വൈകുമോയെന്നത് കണക്കിലെടുത്ത് പൊലീസ് അന്വേഷണം വേണമോയെന്ന്് തീരുമാനിക്കേണ്ടത് സര്‍ക്കാറാണ്.
ദേശീയപാതയോരത്തെ മദ്യഷാപ്പുകള്‍ മാറ്റുന്നത് സംബന്ധിച്ച് സുപ്രീം കോടതി വിധി വന്നു. മാറ്റുന്ന സ്ഥാപനങ്ങള്‍ പുതിയ സ്ഥലത്ത് തുടങ്ങുന്നതിനെതിരെ സ്ത്രീകളടക്കമുള്ളവരുടെ എതിര്‍പ്പ് നാടെങ്ങുമുണ്ട്. ഈ കാര്യത്തില്‍ നയപരമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളണം.
ജിഷ കേസില്‍ കഴിഞ്ഞ സര്‍ക്കാര്‍ നിയമിച്ച അന്വേഷണ സംഘവും ഈ സര്‍ക്കാര്‍ നിയോഗിച്ച സംഘവും മികച്ച രീതിയില്‍ അന്വേഷണം നടത്തി. എന്നാല്‍ വിചാരണവേളയില്‍ വിജിലന്‍സ് ഡയറ്ടര്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് റിപ്പോര്‍ട്ട് നല്കിയത്. ഇതിന് ആരാണ് അധികാരം കൊടുത്തത്. റിപ്പോര്‍ട്ടില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കണം. അല്ലെങ്കില്‍ കേസ് ദുര്‍ബലമാവും മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത് ശരിയല്ല.
മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ കര്‍ശനമായി ഒഴിപ്പിക്കണം. അവിടെ കുടിയേറ്റവും കയ്യേറ്റവുമുണ്ട്. 1-1-77ന് മുമ്പുള്ള കയ്യേറ്റങ്ങള്‍ കൃഷിയാവശ്യത്തിനുള്ള കുടിയേറ്റം എന്നനിലയില്‍ ആന്റണി സര്‍ക്കാര്‍ അംഗീകരിച്ചതാണ്. ഇതിന് ശേഷമുള്ളത് കയ്യേറ്റമായി കണ്ട് ഒഴിപ്പിക്കണം.
മാണിയെ യു ഡി എഫിനാവശ്യമില്ലെന്ന പി ടി തോമസിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ പ്രതിപക്ഷ നേതാവോ കെ പി സി സി പ്രസിഡന്റോ ആണ് ഇക്കാര്യത്തില്‍ ഔദ്യോഗികമായി പറയേണ്ടതെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി. മാണി സ്വയം മുന്നണി വിട്ടതാണ. തിരിച്ചു വരണമെന്ന ആഗ്രഹം താനടക്കം പ്രകടിപ്പിച്ചു കഴിഞ്ഞു. ഭാവിയില്‍ ഇത് യാഥാര്‍ഥ്യമാവും.
മലപ്പുറം തെരഞ്ഞെടുപ്പില്‍ പൂര്‍ണ ആത്മവിശ്വാസമാണ് യു ഡി എഫിന്. കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വം, യു ഡി എഫിലെ ഐക്യം, മാണിയുടെ പ്രചരണം, ഭരണം പോരെന്ന അവസ്ഥ ഇതെല്ലാം യു ഡി എഫിന് അനുകൂല ഘടകമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
