കണ്ണൂര്‍ : കൊട്ടിയൂര്‍ പീഡനക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പോലീസില്‍ കീഴടങ്ങി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിലാണ് പ്രതികളായ രണ്ട് കന്യാസ്ത്രീകള്‍ കീഴടങ്ങിയത്. ആറാം പ്രതി വയനാട് തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ, ഏഴാം പ്രതി ഇരിട്ടി കല്ലു മുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനിറ്റ എന്നിവരാണ് രാവിലെ 6.45 ന് പേരാവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ സുനില്‍ കുമാറിന്റെ ഓഫീസിലെത്തി കീഴടങ്ങിയത്.
നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്ന് അനാഥാലയത്തിലേക്ക് കടത്താന്‍ മുഖ്യ പ്രതിയെ സഹായിച്ചുവെന്നതും തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം.
സഹപ്രവര്‍ത്തകര്‍ക്കും അഭിഭാഷകയ്ക്കും ഒപ്പമാണ് ഇവര്‍ കീഴടങ്ങാനെത്തിയത്. മൊഴി രേഖപ്പെടുത്തുകയും വൈദ്യ പരിശോധന നടത്തുകയും ചെയ്ത ശേഷം തലശേരി ജില്ലാ കോടതിയില്‍ ഇവരെ ഹാജരാക്കും.
ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പോലീസിന് മുന്നില്‍ കീഴടങ്ങി. കേസിലെ ഒന്നാം പ്രതി ഫാ.റോബിന് വടക്കുംചേരി റിമാന്‍ഡിലാണ്. രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി, മൂന്ന് മുതല്‍ അഞ്ച് വരെ പ്രതികളായ കൂത്തുപറമ്ബ് ക്രിസ്തുരാജ ആസ്പത്രിയിലെ ഡോ. സിസ്റ്റര്‍ ടെസ്സി ജോസ്, ഡോ. ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു, എട്ട് മുതല്‍ പത്ത് വരെ പ്രതികളായ വയനാട് ജില്ലാ ശിശു ക്ഷേമസമിതി മുന്‍ അധ്യക്ഷന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം, സമിതി അംഗം ഡോ. സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ നേരത്തെ പോലീസില്‍ കീഴടങ്ങി ജാമ്യം നേടിയിരുന്നു.
