മാവേലിക്കരയില്‍ തൊണ്ണൂറുകാരിയെ പീഡിപ്പിച്ച ബസ് ക്ലീനര്‍ റിമാന്‍ഡില്‍

മാവേലിക്കര: കണ്ടിയൂരില്‍ തൊണ്ണൂറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി റിമാന്‍ഡില്‍. കണ്ടിയൂര്‍ കുരുവിക്കാട് ബിന്ദു ഭവനത്തില്‍ ഗിരീഷിനെയാണ് (23) മാവേലിക്കര സിഐ പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തത്. ഇയാളുടെ സുഹൃത്തായ കുരുവിക്കാട് സ്വദേശിയെ കേസില്‍ കുടുക്കി രക്ഷപ്പെടാനുള്ള നീക്കവും പോലീസ് പൊളിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. മകള്‍ രാത്രി ക്ഷേത്രത്തിലെ ഉത്സവത്തിന് പോയ സമയത്താണ് വൃദ്ധയായ അമ്മ ക്രൂരപീഡനത്തിന് ഇരയായത്. വൃദ്ധയായ അമ്മയും മകളും വീട്ടില്‍ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. ഉത്സവം കഴിഞ്ഞ് പുലര്‍ച്ചെ മകള്‍ തിരിച്ച് വീട്ടിലെത്തിയപ്പോള്‍ അവശനിലയില്‍ വൃദ്ധയെ കണ്ടെത്തുകയായിരുന്നു.

ഇവരുടെ മുഖത്തും ജനനേന്ദ്രിയത്തിലും ഗുരുതരമായി മുറിവേറ്റിരുന്നു. അബാധാവസ്ഥയിലായിരുന്ന ഇവരെ ആദ്യം മാവേലിക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ആലപ്പുഴ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കണ്ടിയൂര്‍ സ്വദേശിയായ സുഹൃത്തിന്റെ കൈവശം ചാര്‍ജ് ചെയ്യാനായി തന്റെ മൊബൈല്‍ കൊടുത്തുവിട്ടിരുന്നു എന്നായിരുന്നു പ്രതിയുടെ ആദ്യമൊഴി. ഇതേത്തുടര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാരനായ സുഹൃത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. സംഭവത്തില്‍ ഇയാള്‍ നിരപരാധിയാണെന്ന് വ്യക്തമാക്കുന്നതായിരുന്നു മറുപടി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ ഗിരീഷ് കുറ്റം സമ്മതിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *