തൃശൂര്‍: പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊലീസിനെതിരായ ചില വക്രബുദ്ധിക്കാരുടെ പ്രചരണങ്ങളില്‍ വീഴില്ലെന്നും അദ്ദേഹം പറഞ്ഞു. രാമവര്‍മപുരം പൊലീസ് അക്കാഡമിയില്‍ ജനറല്‍ എക്‌സിക്യൂട്ടിവ് സബ് ഇന്‍സ്‌പെക്ടര്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് വെറും മര്‍ദനോപകരണമല്ല. പരാതിയുമായി എത്തുന്നവരോട് പൊലീസ് മാന്യമായി പെരുമാറണം. ആരെങ്കിലും പരാതിയുമായി വന്നാല്‍ അവരെ സഹായിക്കാനുള്ള മനസാണ് ഉണ്ടാവേണ്ടത്. കുറ്റകൃത്യം തടയുന്നതില്‍ മാത്രം മതി പൊലീസിന് കാര്‍ക്കശ്യം. പൊലീസാകുന്നത് ആരുടേയും മേല്‍ കയറാനുള്ള ലൈസന്‍സ് അല്ലെന്നും പിണറായി പറഞ്ഞു.
സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ എപ്പോഴും പിന്തുണ നല്‍കും. ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാവുന്ന ഗുണ്ടാ? മാഫിയാ സംഘങ്ങളെ അമര്‍ച്ച ചെയ്യണം. എല്ലാ കാര്യത്തിലും നീതിയുടെ പക്ഷത്തായിരിക്കണം പൊലീസ് നിലകൊള്ളേണ്ടത്. ആത്മാര്‍ത്ഥതയും സഹാനുഭൂതിയും ആര്‍ദ്രതയും നിയമവാഴ്ചയോട് ആദരവുമുള്ള അച്ചടക്കവും കൈമുതലായുള്ള പ്രവര്‍ത്തനമാണ് പൊലീസില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
