എല്ലാവരും പറഞ്ഞാല്‍ മാത്രമേ അതിരപ്പിള്ളി പദ്ധതി നടപ്പാക്കൂ: എം എം മണി

കണ്ണൂര്‍:  എല്ലാവരും പറഞ്ഞാല്‍ മാത്രമേ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കുവെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. അറക്കുന്നതിനു മുന്‍പെ പിടയ്ക്കുന്ന സമീപനമാണ് അതിരപ്പിള്ളിയുടെ കാര്യത്തില്‍ ഉണ്ടായതെന്നും പേരാവൂര്‍ നിയോജക മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

‘അതിരപ്പിള്ളിയുടെ കാര്യത്തില്‍ വൈദ്യുതി പദ്ധതി നടപ്പാക്കുമെന്ന് കര്‍ക്കശമായി ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല. അഭിപ്രായ സമന്വയം ഉണ്ടെങ്കില്‍ നടപ്പാക്കുമെന്നാണു നിയമസഭയില്‍ പറഞ്ഞത്. അപ്പോഴെ തുടങ്ങി, പിടക്കല്‍. അറക്കുമ്പോഴല്ലെ പിടക്കല്‍ ആവശ്യമുള്ളൂ. ഈ സൂക്കേടു നമുക്കേ ഉള്ളൂ’ എന്നും അദ്ദേഹം പറഞ്ഞു.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 6.07 കിലോമീറ്റര്‍ മുകളിലായി 23 മീറ്റര്‍ ഉയരമുള്ള ചെറിയ ഡാം നിര്‍മിച്ചു 163 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയാണ് വൈദ്യുതി ബോര്‍ഡിന്റേത്. 936 കോടി രൂപയാണ് ആകെ ചെലവ്. ചാലക്കുടിപ്പുഴയില്‍ പെരിങ്ങല്‍ക്കുത്ത് ജലവൈദ്യുത പദ്ധതിയുടെ പവര്‍ ഹൗസില്‍ നിന്നു 2.52 കിലോമീറ്റര്‍ ദൂരെയാണു പുതിയ ഡാം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. പെരിങ്ങല്‍ക്കുത്ത് പവര്‍ ഹൗസില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചു പുറത്തേക്കു വിടുന്ന വെള്ളമാണ് ഇപ്പോള്‍ ചാലക്കുടിപ്പുഴയിലൂടെ അതിരപ്പിള്ളി വെള്ളച്ചാട്ടം വഴി കടന്നുപോകുന്നത്.

പുതിയ ഡാം നിര്‍മിക്കുന്നതോടെ ഈ വെള്ളം മുകളില്‍ തടഞ്ഞുനിര്‍ത്തും. ഡാമില്‍ നിന്നു മൂന്നര മീറ്റര്‍ വ്യാസമുള്ള തുരങ്കത്തിലൂടെ വെള്ളം 4.6 കിലോമീറ്റര്‍ ദൂരെയുള്ള കണ്ണങ്കുഴിയില്‍ എത്തിച്ചാണു വൈദ്യുതി ഉല്‍പാദിപ്പിക്കുക. വൈദ്യുതി ഉല്‍പാദനത്തിനു ശേഷം ഡാമില്‍ നിന്ന് 7.8 കിലോമീറ്റര്‍ താഴെ ചാലക്കുടിപ്പുഴയിലേക്കു തന്നെ ഈ വെള്ളം ഒഴുക്കിവിടും. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 1.8 കിലോമീറ്റര്‍ താഴെയാണ് ഈ സ്ഥലം.

Leave a Reply

Your email address will not be published. Required fields are marked *