മൂന്നാര്‍: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ നിരാഹാരം കിടക്കുന്ന സമരപ്പന്തല്‍ പൊളിച്ചു നീക്കാന്‍ ശ്രമം നടത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് സമരനേതാവ് ഗോമതി ആരോപിച്ചു. തങ്ങളെ കൊല്ലാന്‍ പോലും അവര്‍ മടിക്കില്ലെന്നും ഗോമതി ആക്രമണ സംഭവത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിച്ചു.
സമരപ്പന്തലില്‍ അക്രമം നടത്തിയതുമായി ആംആദ്മിക്ക് ബന്ധമില്ല. അക്രമം നടത്തിയത് സിപിഎമ്മുകാരാണ്. സമരത്തെ പൊളിക്കുന്നതിനാണ് സിപിഎം കാരുടെ ശ്രമം. സമരപ്പന്തല്‍ അക്രമിച്ചത് തങ്ങള്‍ക്ക് നന്നായി അറിയാവുന്ന ആള്‍ക്കാരാണ്. മാരിയപ്പന്, സോജന്, അബ്ബാസ് തുടങ്ങിയവരാണ് അക്രമം നടത്തിയത്.
താന്‍ സിപിഎം വിട്ടതിനു ശേഷമാണ് അവര്‍ക്ക് പ്രശ്നം. തങ്ങളെ കൊല്ലാന്‍ പോലും അവര്‍ മടിക്കില്ല. അവര്‍ അത് ചെയ്തിട്ടുണ്ട്. അക്രമം സംബന്ധിച്ച് പോലീസില്‍ പരാതി കൊടുക്കുമെന്നും പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയുമായി ഒരു പ്രശ്നവുമില്ല. നിരാഹാരം കിടക്കുന്നത് സംബന്ധിച്ച് മാത്രമായിരുന്നു ആശയക്കുഴപ്പമുണ്ടായിരുന്നത്. അത് സംസാരത്തിലൂടെ പരിഹരിക്കും. നാലു പേര് മാത്രമാണ് സമരം നടത്തുന്നതെന്നാണ് സിപിഎം പറയുന്നത്. പിന്നെന്തിനാണ് അവര്‍ തങ്ങളുടെ സമരത്തെ ഭയക്കുന്നതെന്നും ഗോമതി ചോദിച്ചു.
