ന്യൂഡല്‍ഹി: ഡി.ജി.പിയായി പുനര്‍ നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ വീണ്ടും സുപ്രീംകോടതിയില്‍. കോടതിയലക്ഷ്യ ഹരജിയാണ് സെന്‍കുമാര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഡി.ജി.പിയായി നിയമിക്കണമെന്ന കോടതി ഉത്തരവ് സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ചാണ് ഹരജി. ചീഫ് സെക്രട്ടറി നളിനി നെറ്റോയെ എതിര്‍ കക്ഷിയാക്കിയാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്.
ഡി.ജി.പി സ്ഥാനത്ത് നഷ്ടപ്പെട്ട കാലാവധി നീട്ടി നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നുണ്ട്. സമാനമായ കേസില്‍ കര്‍ണാടക ചീഫ് സെക്രട്ടറിയെ ശിക്ഷിച്ചതും ഹരജിയില്‍ സെന്‍കുമാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തിങ്കളാഴ്ച കോടതി കേസ് പരിഗണക്കുമെന്നാണ് സൂചന.
നേരത്തെ കോടതി വിധി നടപ്പാക്കാത്ത സര്‍ക്കാര്‍ സമീപനത്തില്‍ അതൃപ്തി അറിയിച്ച് സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. ഡി.ജി.പി സ്ഥാനത്ത് നിയമിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. കൃത്യമായ സമയത്ത് ഉചിതമായത് ചെയ്യും. ഭാവികാര്യങ്ങള്‍ വക്കീലുമായി ആലോചിച്ച് തീരുമാനിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സെന്‍കുമാറിന്റെ ഹരജി.
സുപ്രീംകോടതി വിധി എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്നായിരുന്നു നിയമ സെക്രട്ടറി സര്‍ക്കാറിന് നല്‍കിയ നിയമോപദേശം. എന്നാല്‍ നിയമോപദേശം അവഗണിച്ച് കേസിലെ പുന:പരിശോധന സാധ്യതകള്‍ സര്‍ക്കാര്‍ തേടിയിരുന്നു. ഇതിനായി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേയോട് സര്‍ക്കാര്‍ ഉപദേശം തേടിയിരുന്നു.
