മാവോയിസ്റ്റ് വേട്ടക്ക് കേന്ദ്രസേന മലപ്പുറത്ത്, ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ ഓപ്പറേഷന്‍ തുടങ്ങും

മലപ്പുറം: നിലമ്പൂര്‍ കതരുളായി വനത്തില്‍ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയ സി.പി.ഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം കുപ്പു ദേവരാജിന്റെയും അജിതയുടെയും ചോരക്ക് പകരം ചോദിക്കാന്‍ മാവോയിസ്റ്റുകള്‍ കേരളത്തില്‍ തിരിച്ചടിക്കൊരുങ്ങിയതായുള്ള കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസിനൊപ്പം മാവോയിസ്റ്റ് വേട്ടയ്ക്കായി കേന്ദ്ര സേന എത്തി.

ഗുരുതരമായ ആക്രമണഭീഷണിയും പ്രതിസന്ധിയും അടക്കമുള്ളവ ചര്‍ച്ച ചെയ്യാന്‍ ഇന്ന് മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും ചേരുന്നുണ്ട്. തൃശൂര്‍ റേഞ്ചിലെ എസ്.ഐമാര്‍ക്ക് മുകളില്‍ മേലേക്കുള്ള ഉദ്യോഗസ്ഥരുടെ യോഗമാണ് ഇന്നു രാവിലെ ചേരുന്നത്. വന്‍ സ്‌ഫോടകവസ്തു ശേഖരങ്ങളുമായി 90 റോളം മാവോയിസ്റ്റ് സംഘമാണ് കേരളത്തിലെ വനമേഖലകളില്‍ തങ്ങുന്നത്.

ബോംബ് സ്‌ഫോടന പരമ്ബരകള്‍ നടത്തിയോ ഉന്നത ഉദ്യോഗസ്ഥരെ തട്ടികൊണ്ടുപോയോ തിരിച്ചടിനല്‍കാനുള്ള നീക്കമുണ്ടെന്ന് ഐ.ബി സംസ്ഥാന ആഭ്യന്തര വകുപ്പിനു നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിലമ്ബൂരും അട്ടപ്പാടിയും വയനാടുമടക്കമുള്ള വനമേഖലയോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ പൊലീസ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഐ.ബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റ് വേട്ടയില്‍ പ്രത്യേക പരിശീലനം നേടിയ സി.ആര്‍.പിയുടെ ഒരു പ്ലാറ്റൂണാണ് നിലമ്ബൂരിലെത്തിയിട്ടുള്ളത്. നിലമ്ബൂര്‍ കെ.എ.പി ക്യാമ്ബിലാണ് ഇവര്‍ തങ്ങുന്നത്. ഇന്നത്തെ ഉന്നതതല പൊലീസ് യോഗത്തിനു ശേഷമായിരിക്കും കേന്ദ്ര സേനയെ ഉപയോഗിച്ചുള്ള മാവോയിസ്റ്റ് വേട്ടയ്ക്ക് തുടക്കം കുറിക്കുക.

മുന്‍പ് മാവോയിസ്റ്റ് വേട്ടക്ക് നേതൃത്വം നല്‍കിയ മലപ്പുറം എസ്.പി ദേബേഷ്‌കുമാര്‍ ബെഹ്‌റ, ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍, സി.ഐ എം.സി ദേവസ്യ എന്നിവര്‍ക്കടക്കം സുരക്ഷ വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

വനത്തില്‍ കൂടുതല്‍ മാവോയിസ്റ്റ് സംഘങ്ങളെ അടുത്ത ദിവസങ്ങളില്‍ കാട്ടില്‍ തേന്‍ ശേഖരിക്കാന്‍പോയ ആദിവാാസികള്‍ കണ്ടിരുന്നു. മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ കുഴിബോംബുകള്‍ സ്ഥാപിക്കുന്നുണ്ട്. ആദിവാസികളോട് ഉള്‍ക്കാടുകളിലേക്ക് കയറരുതെന്ന് മാവോയിസ്റ്റുകള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്തിടെ ചത്തീസ്ഗഡിലെ സുഖ്മ ജില്ലയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ മിന്നലാക്രമണത്തില്‍ 26 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.

മാവോയിസ്റ്റുകള്‍ ശക്തമായ ദണ്ഡകാരണ്യ മേഖലയില്‍ നിന്നും കൂടുതല്‍ പി.എല്‍.ജി.എ അംഗങ്ങള്‍ നിലമ്ബൂര്‍ മേഖലയിലേക്കു കടന്നിട്ടുണ്ട്. കര്‍ണാടക, തമിഴ്‌നാട്, കേരള വനമേഖലയുടെ സംഗമ സ്ഥലത്ത് മാവോയിസ്റ്റുകള്‍ക്ക് സുരക്ഷിത താവളമുണ്ട്.നിലമ്ബൂരിലെ ഏറ്റുമുട്ടലിനു ശേഷം കേരള പൊലീസോ തണ്ടര്‍ബോള്‍ട്ടോ വനത്തില്‍ മാവോയിസ്റ്റുകള്‍ക്കായി തിരച്ചിലിന് ഇറങ്ങിയിട്ടില്ല. വേനല്‍ക്കാലത്ത് ശക്തമായ ആക്രമണം നടത്തി മഴക്കാലത്ത് പരിശീലനത്തിലേക്കും മറ്റു പ്രവര്‍ത്തനങ്ങളിലേക്കും പിന്‍മാറുകയാണ് മാവോയിസ്റ്റുകളുടെ ശൈലി. മാവോയിസ്റ്റുകളെ ഉന്‍മൂലനം ചെയ്യാന്‍ ശക്തമായ അക്രമണം നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നിര്‍ദേശം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *