ന്യൂഡല്‍ഹി: പലസ്തീന് പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഇന്ത്യ പര്യടനം ആരംഭിച്ചു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി, രഷ്ട്രപതി പ്രണബ് മുഖര്‍ജി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് , ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി എന്നിവരുമായി മഹ്മൂദ് അബ്ബാസ് കൂടിക്കാഴ്ച നടത്തും.
രാവിലെ ഒമ്പത് മണിക്ക് രാഷ്ട്രപതി ഭവനില്‍ മഹ്മൂദ് അബ്ബാസിന് ആചാരപരമായ വരവേല്‍പ്പ് നല്‍കും. ഉച്ചയ്ക്ക് രണ്ടിന് ഹൈദരാബാദ് ഹൗസില്‍ ഇന്ത്യയും പാലസ്തീനും വിവിധ മേഖലകളില്‍ കരാറുകളില്‍ ഒപ്പിടും. പ്രധാനമന്ത്രി നരേന്ദ്രമോഡിയും മഹ്മൂദ് അബ്ബാസും സംയുക്ത പ്രസ്താവന നടത്തും. പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പുവരുത്തുന്നതിനും ഭീകരവാദത്തിനെതിരെയും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കൂടിക്കാഴ്ച്ചയില്‍ ധാരണയാകും. പലസ്തീന് ഇന്ത്യ രാഷ്ട്രീയ പിന്തുണ അറിയിക്കും.
ഇന്നലെ നോയിഡയില്‍ ഐടി കേന്ദ്രം മഹ്മൂദ് അബ്ബാസ് സന്ദര്‍ശിച്ചിരുന്നു. പലസ്തീനില്‍ ഇന്ത്യ നിര്‍മ്മിക്കുന്ന ടെക്നോപാര്‍ക്കുമായി ബന്ധപ്പെട്ടായിരുന്നു സന്ദര്‍ശനം. ജൂലൈയില്‍ പാലസ്തീന് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ നരേന്ദ്രമോഡി തയ്യാറെടുക്കുന്നതിനിടെയാണ് പലസ്തീന് പ്രസിഡന്റിന്റെ ഇന്ത്യ സന്ദര്‍ശനം. നാളെ മഹ്മൂദ് അബ്ബാസ് പലസ്തീനിലേക്ക് തിരിക്കും. പാലസ്തീന് പ്രസിഡന്റ് ഇത് അഞ്ചാം തവണയാണ് ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നത്.
