കോഴിക്കോട്: അസാധുവാക്കപ്പെട്ട 500,1000 നോട്ടുകളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒരുകോടി രണ്ടു ലക്ഷം രൂപയുടെ അസാധു നോട്ടുകളുമായാണ് യുവാവിനെ പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. ഇയാളുടെ കാറില്‍ നിന്നും അസാധുവാക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ കെട്ടുകള്‍ കണ്ടെത്തുകയായിരുന്നു. തൃശൂര്‍ കരുമാത്ര നെയ്‌വേലി പറമ്പില്‍ എന്‍ബി സിറാജുദ്ദീ(39) നാണ് അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
ഡയറക്‌ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സാണ് ഇയാളെ കുടുക്കിയത്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപത്ത് നിന്നുമായിരുന്നു ഇവര്‍ പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. നാല്‍പ്പതുലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ നല്‍കിയാല്‍ പകരം ഒരു കോടിയുടെ അസാധുനോട്ടുകള്‍ നല്‍കുകയാണ് സംഘത്തിന്റെ രീതി. ഇതില്‍ അഞ്ചുലക്ഷം രൂപ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള വിഹിതവും ബാക്കി 35 ലക്ഷം അസാധു നോട്ടിന്റെ ഉടമയ്ക്കുമുള്ളതാണ്. വിദേശത്ത് നിന്നുമാണ് പണം എത്തിച്ചതെന്നാണ് സംശയം.
ഓടി രക്ഷപ്പെട്ടവരില്‍ പ്രധാനി എറണാകുളം സ്വദേശിയായ കുഞ്ഞിമുഹമ്മദാണ്. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള സ്വകാര്യ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വെച്ച് പണമടക്കം പ്രതിയെ പിടികൂടുകയായിരുന്നു. കെഎല്‍ 08.ആര്‍ 9797 റജിസ്‌ട്രേഷനിലുള്ള കാറില്‍ തമിഴ്‌നാട് വഴിയായിരുന്നു പണം കൊണ്ടുവന്നത്. തമിഴ്‌നാട്ടില്‍ ഇത്തരം സംഘങ്ങള്‍ സജീവമാണെന്നും പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
