സര്‍ക്കാര്‍ സ്വാശ്രയ കൊള്ള നടത്തുന്നുവെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡന്റല്‍ കോഴ്‌സുകളിലെ ഫീസ് വര്‍ധന ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം. സംസ്ഥാന സര്‍ക്കാര്‍ സ്വാശ്രയ മാനേജ്‌മെന്റുമായി ചേര്‍ന്ന് കൊള്ള നടത്തുകയാണെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ വി.ടി ബലറാം ആരോപിച്ചു. സര്‍ക്കാറിന്റെ അഭിപ്രായമാണ് ഫീ റെഗുലേറ്ററി കമീഷന്‍ തീരുമാനമായി നടപ്പാക്കുന്നതെന്നും ബലറാം പറഞ്ഞു.

സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്ക് കുട ചൂടുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഡന്റല്‍, പി.ജി, ഡിഗ്രി, ഡിപ്ലോമ കോഴ്‌സുകളിലെ ഫീസില്‍ വലിയ വര്‍ധന വന്നിട്ടുണ്ട്. ക്ലിനിക്കല്‍ പി.ജിയില്‍ മാത്രം 115 ശതമാനം ഫീസ് വര്‍ധനവുണ്ട്. നോണ്‍ ക്ലിനിക്കല്‍ പി.ജി ഫീസ് മൂന്നിരട്ടിയും വര്‍ധിപ്പിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്ക് കൂടി പഠിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ബലറാം ആവശ്യപ്പെട്ടു.

ഫീ റെഗുലേറ്ററി കമീഷന്റെ ഫീസ് ഘടനയില്‍ സംസ്ഥാന സര്‍ക്കാറിന് ഇടപെടാന്‍ സാധിക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ സഭയെ അറിയിച്ചു. ഫീ റെഗുലേറ്ററി കമീഷനാണ് ഫീസിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. കമീഷന്റെ ഉത്തരവ് എല്ലാ മാനേജ്‌മെന്റുകളും നടപ്പാക്കിയിട്ടില്ല. എന്നാല്‍, ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ ഇത് അംഗീകരിച്ചിട്ടുണ്ട്. കമീഷന്റെ ഫീസ് ഘടന അംഗീകരിക്കുകയേ നിര്‍വാഹമുള്ളൂവെന്നും മന്ത്രി ശൈലജ വ്യക്തമാക്കി.

നീറ്റിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ പ്രവേശനം നടത്തണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. എന്നാല്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യം ചൂണ്ടിക്കാട്ടി കോടതിയില്‍ നിന്ന് ഇളവ് നേടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സ്വാശ്രയ മെഡിക്കല്‍ കോളജുകളെ കയറൂരി വിട്ടത് !യു.ഡി.എഫ് സര്‍ക്കാറാണെന്ന് ആരോഗ്യ മന്ത്രി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *