ട്രംപ് സുപ്രധാന വിവരങ്ങള്‍ റഷ്യയുമായി പങ്കുവച്ചെന്ന് ആരോപണം

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുപ്രധാന വിവരങ്ങള്‍ റഷ്യയുമായി പങ്ക് വച്ചെന്ന ആരോപണവുമായി വാഷിംഗ്ടണ്‍ പോസ്റ്റ് പത്രം രംഗത്ത്. വൈറ്റ്ഹൗസില്‍ കഴിഞ്ഞയാഴ്ച റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അതീവരഹസ്യ വിവരങ്ങള്‍ ട്രംപ് പങ്കുവച്ചതായി പത്രം ആരോപിച്ചിരിക്കുന്നത്. അതേസമയം, വാര്‍ത്ത യു.എസ് സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും നിഷേധിച്ചിട്ടുണ്ട്.

അമേരിക്കയുടെ സഖ്യകക്ഷികള്‍ നല്‍കിയ രഹസ്യവിവരങ്ങള്‍ ട്രംപ്, ലാവ്‌റോവുമായി പങ്കിട്ടെന്നാണ് പത്രം ആരോപിക്കുന്നത്. ഈ രഹസ്യങ്ങള്‍ റഷ്യയുമായി പങ്കുവയ്ക്കരുത് എന്ന വ്യവസ്ഥയോടെയാണ് സഖ്യരാജ്യങ്ങള്‍ കൈമാറിയത്. എന്നാല്‍. ഈ ഉറപ്പ് ട്രംപ് ലംഘിച്ചു. ലാവ്‌റോവുമായുള്ള കൂടിക്കാഴ്ചയില്‍ വിശാലമായ നിരവധി കാര്യങ്ങള്‍ ചര്‍ച്ചയായി. ഭീകരത നേരിടുന്ന കാര്യവും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

രഹസ്യവിവരം കൈമാറുന്ന ഉടന്പടി പ്രകാരം സഖ്യകക്ഷികള്‍ നിരന്തരം രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ അമേരിക്കയ്ക്ക് കൈമാറാറുണ്ട്. അമേരിക്കന്‍ സര്‍ക്കാരില്‍ തന്നെ ഉന്നത ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് മാത്രമെ ഇതേക്കുറിച്ച് അറിവുണ്ടാവാകാറുള്ളൂ. ഈ വിവരമാണ് റഷ്യയുമായി പങ്ക് വച്ചിരിക്കുന്നതെന്ന് പത്രം പറയുന്നു.

അതേസമയം, വാര്‍ത്ത പുറത്ത് വന്നതോടെ ട്രംപിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *