കണ്ണൂര്‍; വ്യാജവീഡിയോ പ്രചരിപ്പിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് എസ്എഫ്ഐ നേതാവ് പരാതി നല്കിയ ശേഷവും പുറത്ത് വിട്ടത് സിപിഎമ്മുകാരുടെ ആഘോഷപ്രകടനത്തിന്റെ വീഡിയോയാണെന്ന നിലപാടില്‍ ഉറച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.
താന്‍ പുറത്ത് വിട്ടത് ബിജുവിന്റെ മരണം സിപിഎമ്മുകാര്‍ ആഘോഷിക്കുന്നതിന്റെ വീഡിയോയാണിതെന്ന മുന്‍നിലപാട് ആവര്‍ത്തിച്ച കുമ്മനം ഇതിന്റെ പേരില്‍ അറസ്റ്റ് വരിക്കാനോ ജയിലില്‍ പോകാനോ തനിക്ക് മടിയില്ലെന്നും വ്യക്തമാക്കി.
കൊലവിളി നടത്തിയും ബിജുവിന്റെ കൊലയില്‍ ആഹഌദം പ്രകടിപ്പിച്ചുമുള്ള നിരവധി ഫേസ്ബുക്ക് പോസ്റ്റുകളുടെ വിവരങ്ങള്‍ തന്റെ പക്കലുണ്ട്. കൃത്യമായ അന്വേഷിച്ച് ബോധ്യപ്പെട്ട ശേഷമാണ് ഈ വീഡിയോ താന്‍ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്തത്. ഒരു നടപടിയേയും താന്‍ ഭയപ്പെടുന്നില്ല. തനിക്ക് പറയാനുള്ളത് അന്വേഷണം വരുമ്ബോള്‍ പറയുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
വ്യാജവീഡിയോ പ്രചരിപ്പിച്ച് സിപിഎമ്മിനെ അപകീര്‍ത്തിപ്പെടുത്തുവാനും, ആര്എഎസ്എസുകാരില് വൈരം ജനിപ്പിച്ച് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ സംഘര്‍ഷം സൃഷ്ടിക്കുമാനാണ് കുമ്മനം രാജശേഖരന് ശ്രമിക്കുന്നതെന്നാരോപിച്ചാണ് എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിറാജ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയത്.
വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ വേണ്ടിവന്നാല്‍ കുമ്മനത്തിനെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ നിയമസഭയില്‍ പറഞ്ഞിരുന്നു ഇതിന് പിന്നാലെയാണ് കുമ്മനത്തിനെതിരെ പരാതിയുമായി എസ്എഫ്ഐ നേതാവ് തന്നെ രംഗത്ത് വന്നത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും നേരത്തെ വീഡിയോക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
അതേസമയം വീഡിയോ പുറത്തു വിടും മുന്‍പ് കണ്ണൂരിലെ പാര്‍ട്ടി ഘടകത്തോട് കുമ്മനം കൂടിയാലോചനയൊന്നും നടത്തിയിരുന്നില്ലെന്നാണ് ബിജെപിക്കുള്ളില്‍ നിന്ന് ലഭിക്കുന്ന സൂചന. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്. കുമ്മനം പുറത്തു വിട്ട ഏതാനും സെക്കന്‍ഡുകള്‍ ദൈര്ഘ്യമുള്ളവീഡിയോയില് ബിജുവിന്റെ മരണം ആഘോഷിക്കുന്നതാണെന്നോ, അത് സിപിഎമ്മുകാരാണെന്നോ തളിയിക്കുന്ന സൂചനകളൊന്നുമില്ല എന്നതാണ് പ്രധാന ന്യൂനത.
