മാലിന്യ നിര്‍മ്മാര്‍ജനത്തിന് നൂതന നിര്‍ദേശങ്ങളുമായി കൗണ്‍സില്‍ യോഗം

കൊച്ചി: കൊച്ചി നഗരത്തിലെ മാലിന്യ നിര്‍മ്മാര്‍ജനത്തിന് നൂതനാശയങ്ങളുമായികൗണ്‍സില്‍ യോഗം. വിവിധ നിര്‍ദേശങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് കൗണ്‍സിലില്‍ ഉയര്‍ന്നത്. മാലിന്യ നിര്‍മ്മാര്‍ജനത്തിന് നിലവിലുള്ള സംവിധാനം അപര്യാപ്തമായ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശങ്ങള്‍ തേടി പ്രത്യേക കൗണ്‍സില്‍ വിളിച്ചത്. ബ്രഹ്മപുരം പ്ലാന്റ് നവീകരിക്കുവാന്‍ ഭീമമായ തുക ചെലവഴിക്കേണ്ടി വന്നപ്പോഴാണ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന്റെ സഹായം തേടിയത്. കിറ്റ്‌കോയെയാണ് പുതിയ പദ്ധതിയെക്കുറിച്ച് വിശദമായി പഠിക്കുവാന്‍ ഏല്‍പ്പിച്ചിരുന്നത്. അമേരിക്കന്‍ കമ്പനിയായ ജിജെ നേച്ചര്‍ കണ്‍സോര്‍ഷ്യം എന്ന കമ്പനിയെയാണ് പദ്ധതി നടപ്പാക്കുന്നതിനായി കിറ്റ്‌കോ തിരഞ്ഞെടുത്തിരിക്കുന്നത്. വിവിധ തരം മാലിന്യങ്ങള്‍ തരംതിരിക്കാതെ തന്നെ പ്ലാന്റില്‍ നിക്ഷേപിച്ച് രണ്ടു ഘട്ടമായി സംസ്‌കരിച്ച ശേഷം അതില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് പദ്ധതി.

ഒരു ദിവസം 300 ടണ്‍ മാലിന്യമാണ് പ്ലാന്റില്‍ ആവശ്യം. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുക. കോര്‍പ്പറേഷന്‍ പരിധിയിലുള്ള വിവിധ സ്ഥലങ്ങളില്‍ നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നും മാലിന്യമെത്തിക്കും. പ്ലാന്റിന്റെ നിര്‍മ്മാണത്തിനായി അഞ്ചു മുതല്‍ 20 ഏക്കര്‍ വരെ സ്ഥലമാണ് നീക്കിവെച്ചിട്ടുള്ളത്. പ്ലാന്റ് നിര്‍മ്മിക്കാനാവശ്യമായ സ്ഥലത്തിനുള്ള വാടക കമ്പനി കോര്‍പ്പറേഷന് നല്‍കണം. പ്ലാന്റില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 15 രൂപ വ്യവസ്ഥയില്‍ 10 രൂപ കെഎസ്ഇബിയും രണ്ടു രൂപ കോര്‍പ്പറേഷനും മൂന്നു രൂപ ജില്ല ശുചിത്വ മിഷനും നല്‍കണം. അധിക ബാധ്യത ബിപിസിഎല്ലിന്റെ സാമൂഹ്യ ഉത്തരവാദിത്ത നിധിയില്‍ നിന്നും നീക്കിവെച്ചിട്ടുണ്ട്. പ്ലാന്റിന്റെ ഉടമസ്ഥാവകാശം, വാടക തുടങ്ങിയവ സംബന്ധിച്ച് യോഗത്തില്‍ ഉയര്‍ന്നു വന്ന ആശങ്കകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കും. മേയര്‍ സൗമിനി ജെയിന്‍, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, കൗണ്‍സില്‍ അംഗങ്ങള്‍, കിറ്റ്‌കോ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *