ആത്മ സമേതി ജൈവ കാര്‍ഷിക ഉച്ചകോടിക്ക് തുടക്കമായി

കൊച്ചി: വികസിത രാജ്യങ്ങളില്‍ ജൈവകൃഷിയിലൂടെ ഉല്‍പാദിപ്പിച്ച ഉല്പന്നമാണോ എന്ന് പരിശോധിക്കുവാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ കേരളത്തിലും വ്യാപകമാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് നിര്‍ദേശിച്ചു. അങ്കമാലി അഡ്‌ലാക്‌സ് കണ്‍വെണ്‍ഷന്‍ സെന്ററില്‍ നടന്ന ആത്മ സമേതി ജൈവകൃഷി ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ഭക്ഷ്യ കാര്‍ഷിക രംഗത്ത് പൂര്‍ണ്ണമായും സ്വയംപര്യാപ്തത കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ആശാവഹമായ പുരോഗതി ഉണ്ടായിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്തിന് യോജിച്ച ഉയര്‍ന്ന ആധുനിക സങ്കേതികവിദ്യ ഉരുത്തിരിഞ്ഞു വരുവാന്‍ ഈ സമ്മേളനം സഹായകമാണെന്നും മന്ത്രി പറഞ്ഞു. ജോസ് തെറ്റയില്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. അഡീഷണന്‍ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കള്‍ച്ചര്‍ എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ ഉഷാറണി, കിസാന്‍ ജനത പ്രസിഡന്റ് അയത്തില്‍ അപ്പുക്കുട്ടന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ കൃഷിവകുപ്പ് നടത്തിയ പഠന റിപ്പോര്‍ട്ടും പരിപാടിക്കു വേണ്ടി തയ്യാറാക്കിയ സമാഹാരവും മന്ത്രി ഇബ്രാഹിംകുഞ്ഞ് പ്രകാശനം ചെയ്തത് പ്ലാനിംഗ് ബോര്‍ഡ് അഗ്രി ചീഫ് ഡോ. പി. രാജശേഖരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറി സുബ്രത ബിശ്വാസ് എന്നിവര്‍ ഏറ്റു വാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *