ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജേക്കബ് തോമസ് ഐപിഎസിനെ മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. ജേക്കബ് തോമസ് ഏപ്രില്‍ ഒന്നു മുതല്‍ മുതല്‍ അവധിയിലാണ്. അവധി നീട്ടുകയാണ് ചെയ്തത്. അവധി ഒരു മാസം കൂടി നീട്ടി നല്‍കണമെന്ന അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

വിജിലന്‍സിനെതിരെ ഹൈക്കോടതി തുടര്‍ച്ചയായി വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് ജേക്കബ് തോമസ് ഏപ്രില്‍ ഒന്നു മുതല്‍ അവധിയില്‍ പ്രവേശിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തേ തുടര്‍ന്നായിരുന്നു ഇത്. മേയ് ഒന്നിന് തിരിച്ചുജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്നുവെങ്കിലും അദ്ദേഹം അവധിക്കുള്ള അപേക്ഷ നീട്ടി നല്‍കുകയായിരുന്നു. ലോക്‌നാഥ് ബെഹ്‌റയ്ക്കായിരുന്നു വിജിലന്‍സിന്റെ ചുമതല നല്‍കിയിരുന്നത്.

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്നും നീക്കിയ ലോക്‌നാഥ് ബെഹ്‌റയെ സര്‍ക്കാര്‍ വിജിലന്‍സിന്റെ ഡയക്ടറായി ചുമതലയും ഏല്പിച്ചു. ഡി.ജി.പിയായി ടി.പി സെന്‍കുമാറിനെ നിയമിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിനായിരുന്നു ഇത്. തന്റെ സ്ഥാനം സംബന്ധിച്ച് അനിശ്ചിതത്വം വന്നതോടെ ജേക്കബ് തോമസ് അവധി നീട്ടിയെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *