ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ലിനുവേണ്ടി എഫ്ബിഐയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം. ആരോപണം ശരിയെങ്കില്‍ ഇംപീച്ച്‌മെന്റാണ് പിന്നെയുള്ള വഴിയെന്ന് സ്വതന്ത്ര സെനറ്റര്‍ ആംഗസ് കിംഗ് പറഞ്ഞു. റഷ്യക്ക് സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തിനല്‍കി എന്ന ആരോപണം നേരിടുന്ന മൈക്കല്‍ ഫ്‌ലിനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ ട്രംപ് നിര്‍ദ്ദേശം നല്‍കി എന്നാണ് പുതിയ വിവാദം.
അമേരിക്കന്‍ ഉപരോധങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ റഷ്യയുമായി പങ്കുവച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ പദവിയില്‍ നിന്ന് മൈക്കല്‍ ഫ്‌ലൈന്‍ രാജി വച്ചത്. ട്രംപ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നതിന് തൊട്ടുമുന്പായിരുന്നു റഷ്യന്‍ അംബാസി!ഡറുമായുള്ള ഫ്‌ലിനിന്റെ കൂടിക്കാഴ്ച. മുന്‍ എഫ്ബിഐ ഡയറ്ടര്‍ ജെയിംസ് കോമിയോട് മൈക്കല്‍ ഫ്‌ലിനെതിരായ അന്വേഷണം അവസാനിപ്പിക്കാന്‍ ഡോണള്‍ഡ് ട്രംപ് നേരിട്ട് ആവശ്യപ്പെട്ടു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള പ്രമുഖ അമേരിക്കന്‍ മാധ്യമങ്ങള്‍ ഈ വിവരം റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ജെയിംസ് കോമി തയ്യാറാക്കിയ മെമ്മോ ഇതിന് തെളിവായി മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. അതേസമയം ജനറല്‍ ഫ്‌ലിനോ മറ്റാര്‍ക്കെങ്കിലുമോ ഏതിരായ ഒരു അന്വേഷണവും അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ട്രംപ് ആര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടില്ല എന്നാണ് വൈറ്റ് ഹൗസിന്റെ വിശദീകരണം.
എന്നാല്‍ ആരോപണം ശരിയെങ്കില്‍ ഇംപീച്ച്‌മെന്റാണ് പിന്നത്തെ വഴിയെന്ന് സ്വതന്ത്ര സെനറ്റര്‍ ആംഗസ് കിംഗ് പറഞ്ഞു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരുവിഭാഗവും ട്രംപിന്റെ ചെയ്തികളില്‍ അസ്വസ്ഥരാണ്. പാര്‍ലമെന്റംഗങ്ങളുടെ പിഴവുകള്‍ സംബന്ധിച്ച കാര്യങ്ങള്‍ പരിഗണിക്കുന്ന ഉപസമിതിയുടെ ചെയര്‍മാനും മുതിര്‍ന്ന റിപ്പബ്ലിക്കന്‍ അംഗവുമായ ജേസണ്‍ ഷഫേറ്റ്‌സ് ട്രംപും ജെയിംസ് കോമിയും തമ്മിലുള്ള എല്ലാ ഔദ്യോഗിക എഴുത്ത് കത്തിടപാടുകളും ഈ മാസം 24ന് കമ്മിറ്റി മുന്‍പാകെ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കി.
