ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാള്‍ ഘടകം പാര്‍ട്ടി പോളിറ്റ്ബ്യൂറോയ്ക്ക് കത്ത് നല്‍കി. യെച്ചൂരിയെപോലെ പരിചയ സന്പന്നനായ അംഗം രാജ്യസഭയില്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. നേരത്ത ജ്യോതിബസുവിന്റെ കാര്യത്തില്‍ സംഭവിച്ച പിഴവ് പാര്‍ട്ടി ആവര്‍ത്തിക്കരുതെന്നും കത്തില്‍ പറയുന്നു. ബംഗാള്‍ ഘടകത്തിന്റെ കത്ത് ജൂണ്‍ 6,7 തീയതികളില്‍ ചേരുന്ന പി ബി യോഗം ചര്‍ച്ച ചെയ്യും.
യെച്ചൂരിയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കുന്നത് ആത്മഹത്യാപരമാണെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. ആറ് രാജ്യസഭാ സീറ്റുകളാണ് ഇപ്പോള്‍ ഒഴിവുവരുന്നത്. ഇതില്‍ അഞ്ചെണ്ണത്തില്‍ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂലിന് വിജയിക്കാനാവും. ഒരു സീറ്റില്‍ കോണ്‍ഗ്രസിനോ ഇടതിനോ പരസ്പരം സഹായിച്ചാല്‍ വിജയിക്കാന്‍ കഴിയും.
294 അംഗ ബംഗാള്‍ നിയമസഭയില്‍ 211 അംഗങ്ങളാണ് തൃണമൂല്‍ കോണ്‍ഗ്രസിനുള്ളത്. കോണ്‍ഗ്രസിന് 44 ഉം, സി പി എമ്മിന് 26 ഉം അംഗങ്ങളാണുള്ളത്. സി പി എം അടക്കം ഇടതുപക്ഷത്തിന് ആകെയുള്ള അംഗബലം 32 മാത്രമാണ്. അതുകൊണ്ട് തന്നെ സി പി എം സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ വിജയിക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ അനിവാര്യമാണ്.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ സീതാറാം യെച്ചൂരി വീണ്ടും സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പക്ഷത്തിന് എതിര്‍പ്പാണ്. ജനറല്‍ സെക്രട്ടറിമാര്‍ സംഘടനാചുമതലയാണ് അവര്‍ വഹിക്കേണ്ടതെന്നും പാര്‍ലമെന്ററി രംഗത്ത് പ്രവര്‍ത്തിക്കാറില്ലെന്നും കാരാട്ട് വിഭാഗം വാദിക്കുന്നു. സി പി എം നേതാക്കള്‍ രാജ്യസഭയിലേക്ക് രണ്ടു തവണ മാത്രമേ മത്സരിക്കാറുള്ളൂവെന്നു ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കാലഹരണപ്പെട്ട നിലപാട് തിരുത്തണമെന്നും ഇക്കാര്യത്തില്‍ മുന്പും ഇളവ് അനുവദിച്ചിട്ടുണ്ടെന്നും ബംഗാള്‍ ഘടകം പറയുന്നു.
ഇടതുപക്ഷത്തെ ഒന്നിച്ച് നിര്‍ത്തുന്നതിന് യെച്ചൂരിയെ പോലൊരു നേതാവ് വേണം. യെച്ചൂരിയെ മത്സരിപ്പിക്കാതിരുന്നാല്‍ ഫോര്‍വേ ഡ് ബ്‌ളോക്ക് പാര്‍ട്ടി സീറ്റ് ആവശ്യപ്പെടും. കോണ്‍ഗ്രസും യെച്ചൂരിയെ പിന്തുണയ്ക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങളും ബംഗാള്‍ ഘടകം കത്തില്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ യെച്ചൂരി തിരഞ്ഞെടുക്കപ്പെടുന്നത് പാര്‍ട്ടിയുടെ കോണ്‍ഗ്രസ് വിരുദ്ധ നിലപാടിനെ ക്ഷീണിപ്പിക്കുമെന്ന് കാരാട്ട് വിഭാഗം പറയുന്നു.
രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കുന്നില്ലെന്ന് യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഓഗസ്റ്റ് 18നാണ് യെച്ചൂരിയുടെ കാലാവധി അവസാനിക്കുന്നത്.രണ്ട് തവണയില്‍ കൂടുതല്‍ രാജ്യസഭയിലേക്ക് മത്സരിക്കുക എന്നത് പാര്‍ട്ടി നയമല്ലെന്നും അത് നടപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്തം ആണെന്നും യെച്ചൂരി പറഞ്ഞിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് സി പി എമ്മിലെ പതിവ്. യെച്ചൂരി ജനറല്‍ സെക്രട്ടറിയാവുന്നതിന് മുന്പ് തന്നെ എം പിയായിരുന്നു. അന്ന് യെച്ചൂരിക്ക് പ്രത്യേക ഇളവ് നല്‍കുകയായിരുന്നു.
