ന്യൂഡല്‍ഹി: വിദേശത്ത് മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടുന്നതിന് നീറ്റ് പരീക്ഷ നിര്‍ബന്ധമാക്കുന്നു. മെഡിക്കല്‍ പ്രവേശനത്തിന് ദേശീയതലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയായ നീറ്റ് പാസാകുന്നവര്‍ക്കുമാത്രം വിദേശത്ത് മെഡിക്കല്‍ കോഴ്‌സുകള്‍ പഠിക്കാന്‍ എതിര്‍പ്പില്ലാ രേഖ(എന്‍.ഒ.സി.) നല്‍കാനാണ് നീക്കം. ഇത് സംബന്ധിച്ച ശുപാര്‍ശ ആരോഗ്യമന്ത്രാലയം തയ്യാറാക്കി. അടുത്തവര്‍ഷം മുതല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
പണവും സ്വാധീനവും ഉപയോഗിച്ച് വിദേശത്തുനിന്ന് മെഡിക്കല്‍ ബിരുദം സ്വന്തമാക്കുന്ന സാഹചര്യം ഒഴിവാക്കാനാണ് പുതിയ നീക്കം. ഇന്ത്യയിലെ പ്രവേശന പരീക്ഷ മറികടക്കാനാകാത്തവരാണ് ഇതിലധികവും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ വിദേശ സര്‍വകലാശാലകളില്‍നിന്ന് മെഡിക്കല്‍ ബിരുദം നേടുന്നവരുടെ എണ്ണം ഇരട്ടിയായി. ഇവയില്‍ പലതിലും നിലവാരംകുറഞ്ഞ വിദ്യാഭ്യാസവുമാണ്.
ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയ്ക്ക് 11.5 ലക്ഷം വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും 7.5 ലക്ഷം പേര്‍ മാത്രമാണ് എഴുതിയത്. ഇന്ത്യയിലെ 472 മെഡിക്കല്‍ കോളേജുകളിലായി 65,000 സീറ്റുകളാണുള്ളത്. നിലവില്‍ പത്ത് ലക്ഷം ഡോക്ടര്‍മാര്‍ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിദേശത്ത് പഠിക്കുന്നവര്‍ക്ക് ആവശ്യമായ ക്ലിനിക്കല്‍ വിദ്യാഭ്യാസം ലഭിക്കാത്തതിനാല്‍ കമ്യൂണിറ്റി മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക്‌സ് തുടങ്ങിയ മേഖലകളില്‍ പിന്നാക്കമാകുന്നു. ചൈനയിലേക്കാണ് ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പോകുന്നത്. റഷ്യ, യുക്രൈന്‍, നേപ്പാള്‍ തുടങ്ങിയവയും മെഡിക്കല്‍വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട രാജ്യങ്ങളാണ്.
