കശാപ് നിരോധനം കലാപമുണ്ടാക്കാന്‍: ജി സുധാകരന്‍

കോട്ടയം: കന്നുകാലി കശാപ്പ് നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം രാജ്യത്ത് കലാപമുണ്ടാക്കുമെന്ന് മന്ത്രി ജി സുധാകരന്‍. അങ്ങനെസംഭവിച്ചാല്‍ ജനാധിപത്യരീതിയില്‍ ജനങ്ങള്‍ സര്‍ക്കാറിനെ പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.കോട്ടയം അയ്മനം പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. കലാപമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ജനങ്ങള്‍ ജനാധിപത്യ വിപ്ലവത്തിലൂടെ സര്‍ക്കാറിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

 

കേന്ദ്രസര്‍ക്കാര്‍ കാളക്കച്ചവടത്തിന് ഇറങ്ങിയിരിക്കുകയാണെന്ന് മന്ത്രി സുധാകരന്‍ പരിഹസിച്ചു. കാളയൊന്നും നമ്മള്‍ വില്‍ക്കേണ്ട. അങ്ങ് കേന്ദ്രത്തിന് കൊടുത്താല്‍ മതി. അവര്‍ വാങ്ങിക്കോളാമെന്നാണ് പറയുന്നത്. കൃഷിക്കാരൊന്നും വില്‍ക്കാന്‍ പാടില്ല. ആയിരക്കണക്കിന് വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരാണ് ഈ മേഖലയിലെ കൃഷിക്കാര്‍. നമ്മള്‍ ഏക് ദിന്‍ കാ സുല്‍ത്താന്‍മാരാണ്. ഒരു ദിവസത്തേക്കോ അഞ്ചുവര്‍ഷത്തേക്കോ വരുന്ന രാഷ്ട്രീയക്കാര്‍ ജനങ്ങളുടെ തോളില്‍ കയറരുത്. പരമ്പരാഗതമായ ജീവിതരീതികളെ മാറ്റിമറിക്കാന്‍ ശ്രമിച്ചാല്‍ അത് നടക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

കേന്ദ്ര സര്‍ക്കാറിന്റെ കശാപ്പു നിരോധനം മറികടക്കാന്‍ ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി കെ രാജു. കന്നുകാലികളുടെ കശാപ്പുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സംസ്ഥാനം കത്തെഴുതുമെന്ന് മന്ത്രി കെ രാജു പറഞ്ഞു. നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കും. എന്നിട്ടും തീരുമാനമാവുന്നില്ലെങ്കില്‍ പ്രതിസന്ധി മറികടക്കാന്‍ നിയമസഭ വിളിച്ചു ചേര്‍ത്ത് സംസ്ഥാനം പുതിയ നിയമം പാസാക്കുന്നത് ആലോചിക്കും. കേന്ദ്രത്തിന്റെ നിരോധനത്തോട് യോജിക്കാനാവില്ലെന്നും രാജു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *