തിരുവനന്തപുരം: കേരളത്തിലെ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയമാണെന്ന് ഭാരതീയ ജനതാ യുവ മോര്‍ച്ച ദേശീയ പ്രസിഡന്റ് പൂനം മഹാജന്‍. കേരളത്തില്‍ സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങളുടെ നിരക്ക് ദേശീയ ശരാശരിയിലും അധികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത്.
എല്‍ഡിഎഫ് സര്‍ക്കാരിന് എതിരെയുള്ള പ്രതിഷേധപ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞ ദിവസം പൂനം കേരളത്തിലെത്തിയിരുന്നു.
ലക്ഷത്തില്‍ 63 എന്ന നിരക്കില്‍ കേരളത്തില്‍ സ്ത്രീകള്‍ക്ക് എതിരെ അതിക്രമങ്ങള്‍ നടക്കുന്നു. ദേശീയ ശരാശരിയായ 56.3 ല്‍ നിന്ന് അധികമാണിത്. എല്‍ഡിഎഫ് സര്‍ക്കാരിനു കീഴില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല. സംസ്ഥാന പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇത് പ്രതിഫലിക്കുന്നു. സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പിക്കുന്നതിനായി മുഖ്യമന്ത്രി നടപടികള്‍ കൈക്കൊള്ളണമെന്നും പൂനം ആവശ്യപ്പെട്ടു.
