ന്യൂഡല്‍ഹി: രാജ്യത്തെ ആരോഗ്യവിപണിയില്‍ ലഭ്യമായ 40 ശതമാനം ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍ക്കും അടിസ്ഥാന ഗുണമേന്മ പോലുമില്ലാത്തതാണെന്ന് വെളിപ്പെടുത്തല്‍.
ഉത്തരാഖണ്ഡ് സര്‍ക്കാരിന് കീഴിലെ ഹരിദ്വാറിലെ ആയുര്‍വേദയുനാനി ഓഫീസ് നടത്തിയ ഗുണമേന്മ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.
2013നും 2016നും ഇടയില്‍ പരിശോധനയ്ക്കായി ശേഖരിച്ച വിവിധ കമ്ബനി ഉല്‍പ്പന്നങ്ങളുടെ 82 സാമ്ബിളുകളില്‍ 32 എണ്ണവും ലാബില്‍ നടത്തിയ ഗുണമേന്മ പരിശോധനയില്‍ പരാജയപ്പെട്ടെന്നാണ് വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി അധികൃതര്‍ വെളിപ്പെടുത്തിയത്.
പരിശോധനയില്‍ പരാജയപ്പെട്ടവയില്‍ പതജ്ഞലിയുടെ പ്രശസ്തമായ ദിവ്യഅംല ജ്യൂസ് (നെല്ലിക്കാജ്യൂസ്), ശിവലിംഗിബീജ് (സ്ത്രീകളുടെ പ്രത്യുല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനായുള്ള മരുന്ന്)എന്നിവയും ഉള്‍പ്പെടും.
പശ്ചിമബംഗാള്‍ ആരോഗ്യവകുപ്പിന് കീഴിലുള്ള ലാബില്‍ നടത്തിയ ഗുണമേന്മ പരിശോധനയിലും നേരത്തെ ആംല ജ്യൂസ് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രാജ്യത്തെ സൈനിക കാന്റീനുകളില്‍ ഇവയുടെ വില്‍പന അവസാനിപ്പിക്കുകയും ചെയ്തു.
പതജ്ഞലി ഉല്‍പ്പന്നങ്ങള്‍ കൂടാതെ അവിപത്രിക ചൂര്‍ണ, തലിസാദ്യ ചൂര്‍ണ, പുഷ്യനുഗ ചൂര്‍ണ, ലവന്‍ ഭാസ്‌കര്‍ ചൂര്‍ണ, യോഗ്രാജ് ഗുഗുളു, ലക്ഷ ഗുഗുളു എന്നീ ഉല്‍പ്പന്നങ്ങളും ഗുണമേന്മ പരിശോധനയില്‍ പരാജയപ്പെട്ടിട്ടുണ്ട്.
നിയമപ്രകാരമുള്ളതിലും കുറഞ്ഞ പിഎച്ച് വാല്യുവാണ് അംല ജ്യൂസിനുള്ളതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇത് അസിഡിറ്റി അടക്കമുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകളുടെ പ്രത്യുല്‍പാദനം മെച്ചപ്പെടുത്തുന്നതിനായി പതജ്ഞലി വിപണിയിലിറക്കിയ ശിവലിംഗീബീജിലെ 31 ശതമാനം പദാര്‍ത്ഥങ്ങളും ഭക്ഷ്യയോഗ്യമല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അതേസമയം പരിശോധന ഫലങ്ങളെ പാടെ തള്ളി പതജ്ഞലിയുടെ മാനേജിംഗ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണ രംഗത്തെത്തി. ശിവലിംഗിബീജ് പൂര്‍ണമായും പ്രകൃതിദത്തമായ വിത്താണെന്നും അതില്‍ എങ്ങനെയാണ് കൃതിമം കാണിക്കാന്‍ സാധിക്കുകയെന്നും ബാലകൃഷ്ണ ചോദിച്ചു. പതജ്ഞലിയെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണ് ഇത്തരം റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം ആരോപിച്ചു.
