പത്തനംതിട്ട: വാട്‌സാപ്പിലും ഫേസ്ബുക്കിലും പല തരത്തിലുള്ള പോസ്റ്റുകളും വീഡിയോകളും ഷെയര്‍ ചെയ്യപ്പെടാറുണ്ട്. ഇതില്‍ പലതും മിക്കവാറും തെറ്റായ വിവരങ്ങളോ ഫെയ്‌ക്കോ ആകും. ഇത്തരം പോസ്റ്റുകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പലപ്പോഴും എടുക്കാറില്ല.
എന്നാല്‍, ഇത്തരമൊരു വീഡിയോയുടെ മുന്‍ പിന്‍ നോക്കാതെ എടുത്തു കൊടുത്ത് പുലിവാല് പിടിച്ചിരിക്കുകയാണ് മനോരമയും മാതൃഭൂമിയും. പുലര്‍ച്ചെ ഒരു മണിക്ക് ഒരു ലോറി ഡ്രൈവര്‍ കുമ്പനാടിനു സമീപത്ത് നിന്ന് പകര്‍ത്തിയത് എന്ന പേരില്‍ കഴിഞ്ഞ കുറേ ആഴ്ചകളായി ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
റോഡിന് മധ്യത്തില്‍ മേലാകസകലം വെളുത്ത തുണി വാരിച്ചുറ്റി കൈയില്‍ ഒരു വടിയുമായി ഒരാള്‍ ആക്രോശിക്കുന്നതാണ് വീഡിയോ. ഇയാള്‍ വാഹനത്തിന് നേരെ ഓടി വരികയും വ്യക്തമല്ലാത്ത ഭാഷയില്‍ പുലമ്പുകയും ചെയ്യുന്നുണ്ട്. ഒരു കാലിന് മുടന്തുമുണ്ട്. വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്ന വണ്ടിക്കാര്‍ ഈ രൂപത്തെ കണ്ട് ഭയന്ന് പിന്നാക്കം പോവുകയാണ്.
ഇത് കുമ്പനാടിന് സമീപം കണ്ടത് എന്ന പേരില്‍ ആയിരക്കണക്കിനാള്‍ക്കാര്‍ ഷെയര്‍ ചെയ്തു. ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് മാതൃഭൂമിയാണ്. ഇതിന്റെ ചുവടു പിടിച്ചാണ് രാത്രി യാത്രക്കാരെ ഭയവിഹ്വലരാക്കി വെളുത്തരൂപങ്ങള്‍ എന്ന തലക്കെട്ടില്‍ മനോരമ പ്രാദേശിക പേജില്‍ വാര്‍ത്ത നല്‍കിയത്. വളരെ ആധികാരികമാണ് വാര്‍ത്ത എന്നതാണ് അതിലേറെ രസകരം.
പുല്ലാട്, കുമ്പനാട് ജങ്ഷനുകളിലും പരിസരത്തും ഈ രൂപത്തെ കണ്ട് യാത്രക്കാര്‍ മറിഞ്ഞു വീഴുന്നുവെന്നാണ് വാര്‍ത്ത. ഇത്തരം ഒരു രൂപമല്ല, നിരവധി രൂപങ്ങളുണ്ടെന്നും ഇതൊരു കെട്ടുകഥയല്ലെന്നും മനോരമ സാക്ഷ്യപ്പെടുത്തുന്നു. തിരുവല്ല സ്വദേശിയായ ഒരു യാത്രക്കാരന്റെ അനുഭവ സാക്ഷ്യവും മനോരമ പ്രസിദ്ധീകരിച്ചിരിക്കുന്നു. പുല്ലാട് ജങ്ഷനില്‍ എസ്ബിറ്റിക്ക് എതിര്‍വശത്തു നിന്ന് വെളുത്ത രൂപം തന്റെ വാഹനത്തിന് മുന്നിലേക്ക് ചാടി എന്നാണ് പേര് വെളിപ്പെടുത്താത്ത യാത്രക്കാരന്‍ പറയുന്നത്.
എന്നാല്‍, ഈ വിഡിയോയില്‍ കാണുന്ന സ്ഥലം കുമ്പനാടോ പുല്ലാടോ അല്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ എങ്ങും ഇങ്ങനെ ഒരു സംഭവം നടക്കുന്നുവെന്ന് നാട്ടുകാര്‍ക്ക് കേട്ടുകേള്‍വി പോലുമില്ല. വീഡിയോ വ്യക്തമായി പരിശോധിച്ചാല്‍ ഇത് കേരളത്തിന് വെളിയില്‍ നിന്നുള്ളതാണെന്ന് തോന്നും. വെളുത്ത രൂപം അവ്യക്തമായ ഭാഷയില്‍ പുലമ്പുന്നത് അറബിയാണെന്ന് പറയുന്നവരും ഉണ്ട്. എന്തായാലും മനോരമ വാര്‍ത്ത വന്നതോടെ സംഗതി സത്യമാണെന്ന് വിശ്വസിച്ചിരിക്കുകയാണ് മിക്കവരും.
പൊലീസോ നാട്ടിലെ ജനപ്രതിനിധികളോ ഒന്നും ഇക്കാര്യം സ്ഥിരീകരിക്കുന്നുമില്ല. ഇത്തരമൊരു പരാതി സ്റ്റേഷനില്‍ ലഭിച്ചിട്ടില്ലെന്ന് കോയിപ്രം പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ മറുനാടനോട് പറഞ്ഞു. വീഡിയോ പൊലീസ് പരിശോധിച്ചു. ഇതില്‍ പറയുന്നത് അറബിയാണെന്ന് അവരും സ്ഥിരീകരിക്കുന്നു. മാത്രവുമല്ല, വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇത് സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതാണെന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധിക്കാതെ നല്‍കിയ വാര്‍ത്ത കാരണം ജനങ്ങള്‍ ഭയവിഹ്വലരാണെന്ന് മാത്രം.
