മലപ്പുറം റംസാനിലെ ആദ്യ വെള്ളിയാഴ്ച മലപ്പുറത്ത് കോട്ടപ്പടി മസ്ജിദുല്‍ ഫതഹ് പള്ളിയില്‍ ജുമുഅക്ക് ശേഷം മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയുടെ ഖുതുബ വേറിട്ടതായി. ഗ്രീന്‍ പ്രോട്ടോകോളിനെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായാണ് റമദാനിലെ ആദ്യ വെള്ളിയില്‍ ജില്ലാ കലക്ടര്‍ പ്രകൃതി സംരക്ഷണത്തിന്റെയും പ്ലാസ്റ്റിക് മുക്ത റമദാന്‍ കാലത്തെയും പറ്റി പ്രഭാഷണം നടത്തിയത്. വിശ്വാസികള്‍ ഇത് ഏറ്റെടുക്കുമെന്ന് തീരുമാനിച്ചാണ് ജുമുഅ കഴിഞ്ഞ് മടങ്ങിയത്. നാടിന് മാതൃകയാവുന്ന വലിയ തീരുമാനമായിരുന്നിത്.
നോമ്പ് കാലങ്ങളില്‍ കണ്ട് വരുന്ന വൃത്തിയും ശുചിത്വ ബോധവും എല്ലാകാലങ്ങളിലും നിലനിര്‍ത്തണമെന്ന് കലക്ടര്‍ പറഞ്ഞു. റമദാന്‍ നോമ്പ് തുറകള്‍ പ്ലാസ്റ്റിക്ക് വിമുക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. പുണ്യ റമദാന്‍ മാസത്തെ ഒന്നു കൂടി പവിത്രമാക്കാന്‍ വിശ്വാസികളും തയ്യാറായിട്ടുണ്ട്. നോമ്പ് തുറകള്‍ ഈ മാസത്തില്‍ പതിവാണ്. വീടുകളിലും, സംഘടനകളും സ്ഥാപനങ്ങളുമെല്ലാം ഇത് നടത്തുന്നു. ഇക്കുറി നോമ്പുതുറകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുമെന്ന് വിവിധ മുസ്ലിം സംഘടനാ നേതാക്കളുടെ ആഹ്വാനം വന്നു കഴിഞ്ഞു.
ഇത് ഏറ്റെടുക്കാന്‍ വിശ്വാസികളും തയ്യാറായിട്ടുണ്ട്. ജില്ലയിലെ പൊതുജനങ്ങള്‍ സര്‍ക്കാറിന്റെ എല്ലാ നല്ല പദ്ധതികളുമായി സഹകരിക്കുന്നതായി ജില്ലാ കലക്ട്രര്‍ അമിതി മീണ പറഞ്ഞു. നോമ്പില്‍ ഭക്ഷണം വാങ്ങുമ്പോഴും വിതരണം ചെയ്യുമ്പോഴും പ്ലാസ്റ്റിക് ഒഴിവാക്കാനാണ് തീരുമാനം. ജില്ലാതലത്തില്‍ നോമ്പിന് മുമ്പ് വിളിച്ചു ചേര്‍ത്ത മത മേലധ്യക്ഷന്മാരുടെ യോഗത്തില്‍ ഏവരും ഒറ്റക്കെട്ടായി അംഗീകരിച്ചതാണ് ഈ തിരുമാനം. വെള്ളിയാഴ്ചത്തെ ഖുതുബ പ്രസംഗത്തിലും ആഹ്വാനം ആവര്‍ത്തിച്ചു.
ഇത് പാലിക്കാന്‍ സമുദായം തീരുമാനിച്ചതോടെ റമദാന്‍ മാസത്തിലെ പ്ലാസ്റ്റിക് മാലിന്യം വലിയൊരളവ് കുറയുക തന്നെ ചെയ്യുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍ കണക്ക് കൂട്ടല്‍.
