ന്യൂഡല്‍ഹി: നിയന്ത്രണരേഖയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ആക്രമിച്ചെന്ന വാദവുമായി വീണ്ടും പാക്കിസ്ഥാന്‍. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങളും പാക്കിസ്ഥാന്‍ പുറത്തുവിട്ടിട്ടുണ്ട്.
പാക്ക് സൈനിക വക്താവ് മേജര്‍ ജനറല്‍ അസിഫ് ഗഫൂര്‍ ആണ് ട്വിറ്ററിലൂടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സാധാരണക്കാരായ ജനങ്ങള്‍ക്കു നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവയ്പ്പിനുള്ള തിരിച്ചടി എന്ന കുറിപ്പോടെയാണു ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിയന്ത്രണരേഖയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ തകര്‍ക്കുന്നുവെന്നാണു പോസ്റ്റിലെ സൈനിക വക്താവിന്റെ അവകാശവാദം.
ഇന്നലെയാണ്, നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്നുണ്ടായ തിരിച്ചടിയില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി പാക്ക് സേന അവകാശപ്പെട്ടത്. എന്നാല്‍, ഇത് ഇന്ത്യന്‍ സൈന്യം നിഷേധിച്ചിരുന്നു.
നിയന്ത്രണരേഖയില്‍ കൃഷ്ണഘാട്ടി ടാറ്റ പാനി സെക്ടറിലാണു തിരിച്ചടിയുണ്ടായതെന്നും ഇന്ത്യന്‍ ബങ്കറുകള്‍ തകര്‍ത്തതായും പാക്ക് സൈനിക വക്താവ് അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
നേരത്തെയും ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ ആക്രമിച്ചുവെന്ന് അവകാശപ്പെടുന്ന വിഡിയോ ദൃശ്യങ്ങള്‍ പാക്കിസ്ഥാന്‍ പുറത്തുവിട്ടിരുന്നു.
പാക്ക് സൈന്യമാണു വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പാക്ക് വെടിവയ്പ്പില്‍ പ്രദേശവാസിയായ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ക്കു പരുക്കേറ്റെന്നും കരസേന അറിയിച്ചു.
പൂഞ്ച് ജില്ലയിലെ രണ്ട് സെക്ടറുകളിലാണു പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഗ്രാമീണര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇന്ത്യന്‍ സേന പ്രത്യാക്രമണം നടത്തുന്നുണ്ട്
