തിരുവനന്തപുരം: 2009ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഉറപ്പായും വിജയിക്കുന്നതിന് പദ്ധതിയൊരുക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വന്ന ദിവസം തന്നെ കോഴിക്കോട്ട് ബിജെപി നേതാവ് സിപിഎമ്മില്‍ ചേര്‍ന്നത് ചൂണ്ടിക്കാട്ടി സംസ്ഥാ നേതൃത്വത്തിനു വിമര്‍ശനം. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് അമിത് ഷായുടെയും കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി എച്ച് രാജയുടെയും ശകാരം കിട്ടിയെന്നാണ് വിവരം.
കോഴിക്കോട് മണ്ഡലം സെക്രട്ടറി പി എം പത്മകുമാറാണ് ശനിയാഴ്ച സിപിഎമ്മില്‍ ചേര്‍ന്നത്. സാമൂഹികമാധ്യമങ്ങള്‍ ആഘോഷിച്ച ഈ സംഭവം ദേശീയ തലത്തില്‍ത്തന്നെ പാര്‍ട്ടിക്ക് നാണക്കേടായെന്നാണ് ഷായുടെയും മറ്റും അമര്‍ഷം. കേരളത്തിലെ സിപിഎമ്മില്‍ നിന്ന് ഈ സമയത്ത് ഒരു പ്രാദേശിക നേതാവിനെയെങ്കിലും ഇങ്ങോട്ടെത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ താന്‍ അംഗത്വം നല്‍കി സ്വീകരിക്കുമായിരുന്നുവെന്ന് ഷാ കേരള നേതാക്കളോട് പറഞ്ഞത്രേ. മാത്രമല്ല, പാര്‍ട്ടിയുമായോ എന്‍ഡിഎയുമായോ സഹകരിക്കാന്‍ ഒരു വിധത്തിലും സാധ്യതയില്ലാത്ത കുറേ ക്രൈസ്തവ ബിഷപ്പുമാരെയും അച്ചന്മാരെയും തന്റെ മുന്നില്‍ നിര്‍ത്താനല്ലാതെ എന്തു കഴിഞ്ഞുവെന്നും ചോദിച്ചുവെന്നാണ് സൂചന.
ഒരൊറ്റ മുസ്‌ലിം നേതാവിനെപ്പോലും കൂടിക്കാഴ്ചയ്ക്കു കിട്ടിയില്ല, ബിജെപിയുമായി സഹകരിച്ചുനിന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കാണാന്‍ കൂട്ടാക്കിയുമില്ല. ഇതിനൊക്കെ പുറമേ, കൂട്ടത്തോടെ കാണാനെത്തിയ ക്രൈസ്തവ പുരോഹിതന്മാര്‍ പിന്നീട് ചാനല്‍ ചര്‍ച്ചകളിലും മറ്റും ബിജെപിയെ തള്ളിപ്പറയുകയും ചെയ്തു. ബിജെപിക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെങ്കിലും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റിന് കാണണമെന്നു പറഞ്ഞപ്പോള്‍ തങ്ങള്‍ കൂടിക്കാഴ്ചയ്ക്കു തയ്യാറായെന്നു മാത്രമേയുള്ളുവെന്നാണ് അവരുടെ വിശദീകരണം.
തലസ്ഥാനത്ത് പൗരപ്രമുഖരെ കണ്ടപ്പോഴും രാഷ്ട്രീയമായി ബിജെപിക്ക് മുതലാക്കാന്‍ പറ്റുന്ന ഒരാളുമുണ്ടായില്ല. ഇതെല്ലാം കൂടി ചേര്‍ത്തുവച്ച് കേരള നേതാക്കളോട് അതിരൂക്ഷമായ ചില താക്കീതുകള്‍ അമിത് ഷാ നല്‍കി എന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു ലഭിക്കുന്ന വിവരം. അതില്‍ത്തന്നെ ഏറ്റവും ഷായെ രോഷം കൊള്ളിച്ചത് ബിജെപി മണ്ഡലം സെക്രട്ടറിയുടെ സിപിഎം പ്രവേശമാണ്. പത്മകുമാര്‍ കോണ്‍ഗ്രസില്‍ പോയാല്‍പ്പോലും ഞങ്ങള്‍ക്ക് ഇത്രയ്ക്ക് തല കുനിച്ചു നില്‍ക്കേണ്ടി വരില്ലായിരുന്നു എന്നാണ് സംസ്ഥാന നേതാക്കളിലൊരാള്‍ തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകരോട് സ്വകാര്യമായി പറഞ്ഞത്.
കേരളത്തില്‍ ബിജെപി മുഖ്യശത്രുവായി കാണുന്ന പാര്‍ട്ടി മാത്രമല്ല സിപിഎം. ദേശീയ തലത്തില്‍ ബിജെപിയെയും സംഘ്പരിവാറിനെ ആകെയും ഏറ്റവും ശക്തമായി എതിര്‍ക്കാന്‍ മുന്നില്‍ നില്‍ക്കുന്ന പാര്‍ട്ടിയുമാണ്. താന്‍ വന്ന ദിവസം നോക്കി അങ്ങോട്ട് ഒരു നേതാവ് തന്നെ പോയത് തന്നെ അപമാനിക്കാന്‍ മനപ്പൂര്‍വം സിപിഎം കണക്കുകൂട്ടി ചെയ്തതാണെന്നാണ് ഷാ കരുതുന്നതത്രേ. അത് തടയാന്‍ ബിജെപിക്ക് സാധിച്ചില്ല എന്നതാണ് കേരള നേതാക്കളോടുള്ള രോഷകാരണം.
