കല്പറ്റ: ദേശവിരുദ്ധശക്തികളും തീവ്രവാദവിഭാഗങ്ങളും അവരുടെ പ്രവര്‍ത്തനം നടത്താന്‍ ഒളിത്താവളമായി വയനാടിെന ഉപയോഗിക്കുന്നത് ഗൗരവമായി കാണേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജില്ലയില്‍ പുതുതായി നിര്‍മിച്ച ജില്ല പൊലീസ് ആസ്ഥാന മന്ദിരത്തിന്റെയും മേപ്പാടി, മാനന്തവാടി, കാട്ടിക്കുളം എന്നിവിടങ്ങളില്‍ നിര്‍മിച്ച കമ്യൂണിറ്റി റിസോഴ്സ് സന്റെറുകളുടെയും ഉദ്ഘാടനം ജില്ല പൊലീസ്? ആസ്ഥാനത്ത് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
രണ്ടുസംസ്ഥാനങ്ങളുമായി അതിര്‍ത്തിപങ്കിടുന്ന ജില്ലയെന്ന നിലയിലും വനപ്രദേശം കൂടുതലുള്ള മേഖല എന്ന നിലയിലും വയനാട്ടില്‍ ദേശവിരുദ്ധശക്തികളും തീവ്രവാദ വിഭാഗങ്ങളും ഒളിത്താവളം ഒരുക്കാനുള്ള ശ്രമങ്ങള്‍ നടത്തും. ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് നിതാന്തജാഗ്രത ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ക്രമസമാധാനനില മെച്ചപ്പെട്ട ജില്ലയാണ് വയനാട്. എന്നാല്‍, അടുത്തകാലത്തുണ്ടായ ചില സംഭവങ്ങള്‍ വലിയ ജാഗ്രത ആവശ്യപ്പെടുന്നുണ്ട്. കുറ്റവാളികളോട് കാര്‍ക്കശ്യവും സാമാന്യജനങ്ങളോട് മൃദുസമീപനവും എടുക്കുന്ന ജനപക്ഷ പൊലീസാണ് സര്‍ക്കാറിന്റെ നയം. ജനങ്ങള്‍ക്കെതിരെയോ ചൂഷകരുടെ പക്ഷത്തോ നില്ക്കാന് പാടില്ല. മോശം ശൈലി ആവര്‍ത്തിച്ചാല്‍ കര്‍ശനമായ നടപടി ഉണ്ടാകും. നീതിയും സുരക്ഷയും പക്ഷപാതിത്വം ഇല്ലാതെ നടപ്പാക്കി പൊലീസ് ഡ്യൂട്ടി ചെയ്യുകയാണ് വേണ്ടത്. ഇതില്‍ നിന്ന് വ്യതിചലിക്കുന്നവരോട് മൃദുസമീപനം ഉണ്ടാകില്ല.
സ്ത്രീകള്‍ക്കെതിരെ ഒറ്റപ്പെട്ട അതിക്രമങ്ങള്‍ കണ്ടുവരുന്നതും മയക്കുമരുന്നുവ്യാപനവും ജാഗ്രതയോടെ പൊലീസ് കാണണം. ചില സ്ഥലങ്ങളില്‍ പ്രത്യേകിച്ച് വലിയ നഗരങ്ങളില്‍ ഗുണ്ടാസംഘങ്ങള്‍ ശക്തിപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനെതിരെ നടപടി ശക്തമാക്കിയിട്ടുണ്ട്. ഗുണ്ടാ പ്രവര്‍ത്തനത്തോട് വിട്ടുവീഴ്ച ചെയ്യരുത്. പ്രകൃതിവിഭവങ്ങള്‍ കൊള്ളയടിക്കുന്നവര്‍ക്കെതിരെ പൊലീസ് കാര്യക്ഷമമായി ഇടപെടണം. കേരളത്തില്‍ കുട്ടികളെ കാണാതാവുന്ന സംഭവങ്ങളില്‍ അന്വേഷണം കൃത്യമായി നടത്തി കണ്ടെത്തുന്നതിന് കേരള പൊലീസ് ഫലപ്രദമായ സംവിധാനം ഉണ്ടാക്കുകയാണ്.
സൈബര്‍ മേഖലയിലുള്‍പ്പടെ നടക്കുന്ന എല്ലാവിധ കുറ്റകൃത്യങ്ങളും തടയാന്‍ പൊലീസ് സേനയെ സജ്ജമാക്കും. പൊലീസില്‍ വനിതകളുടെ എണ്ണം വര്‍ധിപ്പിക്കും. മൂന്നാം മുറ പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ ശക്തമായ നടപടിയിലേക്ക് നീങ്ങും. പൊലീസ് സേനയുടെ ആധുനീകരണത്തിനായി 30 കോടിയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 451 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. പൊലീസില്‍ ഒരു വനിത ബറ്റാലിയന് തന്നെ ഉണ്ടാക്കുകയാണ്. ഏറെക്കാലത്തെ ആവശ്യമായിരുന്ന 400 ൈഡ്രവര്‍ തസ്തിക സൃഷ്ടിച്ചു. ഏഴുബെറ്റാലിയനുകളില് കമാന്‍ഡോ യൂനിറ്റുകള്‍ തുടങ്ങും. ചരിത്രത്തില്‍ ആദ്യമായി കേരള പൊലീസില്‍ ഒരു വനിതാ കമാന്‍ഡോ വിങ് രൂപവത്കരിക്കാന്‍ പോവുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
