മദ്യശാലകള്‍ തുറന്നത് കോടതി വിധി വളച്ചൊടിച്ച്: ചെന്നിത്തല

ന്യൂഡല്‍ഹി: സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്നതിന് വേണ്ടി ഹൈക്കോടതി വിധിയെ സര്‍ക്കാര്‍ വളച്ചൊടിക്കുകയായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വരാനിരിക്കുന്ന മദ്യനയത്തിന്റെ സൂചനയാണ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നത്. കേരളത്തെ മദ്യത്തില്‍ മുക്കികൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തും. എക്‌സൈസ് മന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യത നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണം തികഞ്ഞ പരാജയമാണ്. ഇത് തുറന്നു കാട്ടാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്. മുന്‍ സര്‍ക്കാരിന്റെ നേട്ടങ്ങളെ ഇടത് സര്‍ക്കാര്‍ തങ്ങളുടേതെന്ന രീതിയില്‍ അവതരിപ്പിക്കുകയാണ്. കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖ പദ്ധതി, ഗെയില്‍ വാതക പൈപ്പ് ലൈന്‍ തുടങ്ങിയവയെല്ലാം മുന്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ചതാണെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിവര്‍ഷം അഞ്ചു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ അത് നടപ്പാക്കിയില്ലെന്ന് മാത്രമല്ല, തെറ്റിദ്ധാരണാജനകമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായെന്ന വാദവും അടിസ്ഥാനരഹിതമാണ്. കണക്കുകള്‍ കൊണ്ടുള്ള അഭ്യാസം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *