മാനന്തവാടി: ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൌകര്യ വികസനത്തിന്റെയും ദൈനംദിന ഭരണത്തിന്റെയും ഉത്തരവാദിത്വ മുള്ള ജില്ലാ പഞ്ചായത്ത് ഈ ചുമതല നിര്‍വ്വഹിക്കുന്നതില്‍ ദയനീയ പരാജയമാണെന്ന് ഡിവൈഎഫ്ഐ ജില്ല കമ്മറ്റി കുറ്റപ്പെടുത്തി. 2013 ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സീവേജ് ട്രീറ്റ്മെന്റ് പഌന്റിന്റെ നിര്‍മ്മാണം ഇതു വരെ പൂര്‍ത്തിയാക്കിയിട്ടില്ല. ജില്ലാ ആശുപത്രിയിലെ മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരം കാണാനുള്ള ഒരു പദ്ധതി തയ്യാറാക്കാന്‍ പോലും ജില്ലാ പഞ്ചായത്തിന് സാധിച്ചിട്ടില്ല.
സംസ്ഥാന സര്‍ക്കാറുകള്‍ അനുവദിക്കുന്ന ഫണ്ട് ജില്ലാ ആശുപത്രിയുടെ വികസനത്തിനായി വിനിയോഗിക്കുന്നതില്‍ ജില്ലാ പഞ്ചായത്ത് ഗുരുതരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ അധികാരം ഒഴിയുമ്പോള്‍ 23 ഡോക്ടര്‍മാരുടെ ഒഴിവ് ജില്ലാ ആശുപത്രിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് എല്ലാ പോസ്റ്റുകളും നികത്തിയിട്ടുണ്ട്.ഒഴിവുള്ള 13 സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ പോസ്റ്റില്‍ താല്‍ക്കാലിക നിയമനം ഉള്‍പ്പെടെ നടത്തി ഡോക്ടര്‍മാരുടെ ഒഴിവ് നികത്താനുള്ള ഇടപെടല്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.
ഈയൊരു സാഹചര്യത്തില്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലെ മാലിന്യ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണുക, ജില്ലാ ആശുപത്രിയില്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതില്‍ വീഴ്ച വരുത്തുന്ന ജില്ലാ പഞ്ചായത്തിന്റെ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡിവൈഎഫ്ഐ സമരം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
