കാസര്‍കോട് പ്രകാശ് ജാവദേക്കര്‍ക്ക് നേരെ കരിങ്കൊടി

കാസര്‍കോട്:  കേന്ദ്ര സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിനെത്തിയ കേന്ദ്ര മാനവശേഷി വിഭവമന്ത്രി പ്രകാശ് ജാവദേക്കറിനെതിരെ ഡി.വൈ.എഫ്.ഐയുടെ കരിങ്കൊടി. ഡല്‍ഹിയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ കയ്യേറ്റം ഞചയ്ത സംഭവത്തിന് മറുപടിയായാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം ഉണ്ടായത്. ബിരുദദാന ചടങ്ങു നടക്കുന്ന വേദിയിലേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് പിടിച്ചുമാറ്റി. ചടങ്ങ് നടന്ന ഹാളില്‍ പിന്നിലിരുന്ന ആറു പ്രവര്‍ത്തകര്‍ യച്ചൂരി അനുകൂല മുദ്രാവാക്യം വിളികളുമായി മുന്നോട്ടു വരികയായിരുന്നു. ഉടന്‍തന്നെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

സി.പി.എം കേന്ദ്ര കമ്മിറ്റി ആസ്ഥാനമായ എ.കെ.ജി ഭവനില്‍ ഹിന്ദു സേനാ പ്രവര്‍ത്തകരാണു സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. പൊളിറ്റ്ബ്യൂറോ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാനുള്ള പത്രസമ്മേളനത്തിന്റെ വേദിയിലേക്കു യച്ചൂരി എത്തുന്നതിനു തൊട്ടുമുന്‍പാണു ഹിന്ദു സേനക്കാരായ ഉപേന്ദ്ര കുമാര്‍, പവന്‍ കൗള്‍ എന്നിവര്‍ പിന്നില്‍ നിന്നു ‘സി.പി.എം മൂര്‍ദാബാദ്’ എന്നു മുദ്രാവാക്യം വിളിച്ചത്. തുടര്‍ന്ന് അക്രമികളും സി.പി.എം ഓഫിസിലെ ജീവനക്കാരും തമ്മിലുണ്ടായ കയ്യാങ്കളിക്കിടെ രണ്ടു പേരിലൊരാള്‍ യച്ചൂരിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *