സിപിഎം ഹര്‍ത്താലിനിടെ കോഴിക്കോട് മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം

കോഴിക്കോട്: കോഴിക്കോട്ട് സിപിഎം ഹര്‍ത്താലിനിടെ പരക്കെ അക്രമം. സിപിഎം പ്രകടനത്തിനിടെ സമരക്കാര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചു. പാളയത്ത് പ്രകടനം കടന്നു പോകുമ്‌ബോഴായിരുന്നു സമരാനുകൂലികള്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത്.

ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ പി. സനേഷിന്റെ ക്യാമറ സമരാനുകൂലികള്‍ തല്ലി തകര്‍ത്തു. ക്യാമറ പൂര്‍ണമായി തകര്‍ന്നു. കേരളം ഭൂഷണം ഫോട്ടോഗ്രാഫര്‍ ശ്രീജേഷിന്റെ ക്യാമറയിലെ മെമ്മറി കാര്‍ഡ് പ്രകടനക്കാര്‍ ഊരിയെടുത്തു. മാധ്യമം ഫോട്ടോ ഗ്രാഫര്‍ അഭിജിത്തിനെയും സിപിഎമ്മുകാര്‍ മര്‍ദിച്ചു.

പ്രകടനക്കാര്‍ ഓട്ടോ റിക്ഷാ ഡ്രൈവറെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതാണ് സമരക്കാരെ പ്രകോപിച്ചത്. ഇതോടെ സമരക്കാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ തിരിയുകയായിരുന്നു. ബിഎംഎസ് ജില്ലാ കമ്മിറ്റി ഓഫീസും വടകര ആര്‍എസ്എസ് ഓഫീസിനു നേരെയും ആക്രമണം ഉണ്ടായി.

പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ചാണ് കോഴിക്കോട് ജില്ലയില്‍ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ വന്നിറങ്ങിയ ഉടനെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് സിപിഎം പറയുന്നത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

Leave a Reply

Your email address will not be published. Required fields are marked *