ലൈഫ്: ജില്ലയില്‍ 50,491 അപേക്ഷകള്‍

കല്‍പ്പറ്റ:  ഭൂരഹിതഭവനരഹിതര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വന്തമായി വീടൊരുക്കുന്ന ‘ലൈഫ്’ പദ്ധതിയില്‍ ജില്ലയില്‍ ലഭിച്ചത് 50,491 അപേക്ഷകള്‍. മുമ്പ് തദ്ദേശസ്ഥാപനങ്ങളില്‍ലഭിച്ച  അപേക്ഷകള്‍, കുടുംബശ്രീ നേതൃത്വത്തില്‍ നടത്തിയ സര്‍വേകളിലൂടെ ശേഖരിച്ച അപേക്ഷകള്‍ എന്നിവ ഉള്‍പെടുത്തിയിട്ടുള്ള കണക്കാണിത്. അപേക്ഷകള്‍ സ്വീകരിക്കുന്ന നടപടികള്‍ പൂര്‍ത്തിയായി. ലിസ്റ്റില്‍ ഉള്‍പ്പെട്ട വിവരങ്ങളടങ്ങുന്ന ഫോറങ്ങള്‍ ഫീല്‍ഡതല ഉദ്യോഗസ്ഥരെ നിയോഗിച്ച് പരിശോധന നടത്തും.  ഇത് കംപ്യൂട്ടര്‍ രജിസ്റ്റര്‍ ചെയ്ത് സൂക്ഷ്മ പരിശോധന നടത്തി പരസ്യപെടുത്തും.  പരാതികള്‍ സ്വീകരിക്കുന്നതിനുള്ള അവസരം ഒരുക്കിയശേഷം അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും. തുടര്‍ന്ന് മുന്‍ഗണനാക്രമത്തില്‍ വീട് നിര്‍മാണം ആരംഭിക്കും.

ഗുണഭോക്താക്കളെ കണ്ടെത്തുന്നതിന് അടിസ്ഥാന രേഖയായി കണക്കാക്കുന്നത് 2011ലെ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസില്‍ ഭവനരഹിതരായി കണ്ടെത്തിയവരുടെ ലിസ്റ്റും തദ്ദേശസ്ഥാപനങ്ങളുടെ വിവിധ ഭവന പദ്ധതികള്‍ക്കായി അര്‍ഹര്‍ എന്ന് കണ്ടെത്തിയവരുടെ നിലവിലുള്ള ലിസ്റ്റുമാണ്. ഈ ലിസ്റ്റില്‍ ഒന്നും ഉള്‍പ്പെടാത്ത അര്‍ഹരായ ഗുണഭോക്താക്കളെ യാണ് കുടുംബശ്രീയെ ഉപയോഗിച്ച് കണ്ടെത്തിയത്.  ഭൂമിയുള്ള ഭവനരഹിതര്‍ക്ക് എ ഫോറം, ഭൂരഹിതരായ ഭവനരഹിതര്‍ക്ക്  ബി ഫോറം, നിലവില്‍ ഒരു ലിസ്റ്റിലും ഉള്‍പ്പെടാത്ത ഭൂമിയുള്ള ഭവനരഹതിരെ കണ്ടെത്തുന്നതിന് സി ഫോറം, ഭൂമിയില്ലാത്ത ഭവനരഹിതരെ കണ്ടെത്താന്‍ ഡി ഫോറത്തിലുമായാണ് അപേക്ഷകള്‍ സ്വീകരിച്ചത്.

തദ്ദേശസ്ഥാപനങ്ങള്‍ നേരത്തേ തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവരാണ് എ ഫോറത്തിലും ബി ഫോറത്തിലും ഉള്ളത്. എ ഫോറത്തില്‍ 20, 981 അപേക്ഷകളാണുള്ളത്. ബി ഫോറത്തില്‍ 3,300 അപേക്ഷകളുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിലാണ് സര്‍വെ നടത്തി സി ഫോറം ഡിഫോറം അപേക്ഷകള്‍ സ്വീകരിച്ചത്. 18, 658 അപേക്ഷകളാണ് സി ഫോറത്തിലുള്ളത്. ഡി ഫോറത്തില്‍ 7552 അപേക്ഷകളും ലഭിച്ചു.

മാനസിക വെല്ലുവിളി നേരിടുന്നവര്‍, ശാരീരിക തളര്‍ച്ച സംഭവിച്ചവര്‍, അഗതികള്‍, വിധവകള്‍, അവിവാഹിതരായ അമ്മമാര്‍ എന്നീ ഗുണഭോക്താക്കള്‍ക്കാണ്  പദ്ധതിയില്‍ മുന്‍ഗണന. ജലം, വൈദ്യുതി, റോഡ് ലഭ്യത എന്നിവയെല്ലാം ഉറപ്പുവരുത്തിയായിരിക്കും ഭവനരഹിതര്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മിക്കുക. ഭൂമിയുള്ളവര്‍ക്ക് സാമ്പത്തിക സഹായം നല്‍കി അവര്‍ നേരിട്ടോ ഏജന്‍സി മുഖേനയോ ഭവനനിര്‍മാണം നടത്താന്‍ കഴിയും.  ഭൂരഹിതരായവര്‍ക്ക്  എല്ലാവിധ സാമൂഹിക പശ്ചാത്തലത്തോടെയും ഭവനസമുച്ചയം നിര്‍മിച്ചു നല്‍കും.

ഇപ്പോള്‍ വിവിധ വകുപ്പുകള്‍ മുഖേന ഭവനനിര്‍മാണ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്നത് ലൈഫ് മിഷന്‍ സര്‍വേയിലൂടെ ഏകോപിപ്പിക്കും. കുറഞ്ഞ നിരക്കില്‍ ഭവനനിര്‍മാണം നടത്തുന്ന ഏജന്‍സികളെ കണ്ടെത്തിയായിരിക്കും നിര്‍മാണം. നിര്‍ധനരായ ഗുണഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ സാധനസാമഗ്രികള്‍ ലഭ്യമാക്കാന്‍ ഉല്‍പ്പാദകരുടെ സഹകരണം പദ്ധതിയില്‍ ഉറപ്പാക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *