എടവണ്ണ: പഞ്ചായത്തിലെ പത്തപ്പിരിയത്ത് സ്ഥിതി ചെയ്യുന്ന വിവാദ ക്വാറിക്ക് ഹൈക്കോടതിയുടെ സ്റ്റേ. പ്രദേശവാസിയായ നൗഷാദ് അലി സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് അറഞ്ഞിക്കല്‍, അല്‍മദീന ക്വാറികളുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.ഈ ക്വാറികളുമായി ബന്ധപ്പെട്ട ജനകീയ സമരത്തിനിടയിലാണ് അയ്യപ്പനെന്ന പട്ടികജാതിക്കാരന്‍ കിണറ്റില്‍ വീണ് മരിച്ചത്.
മിച്ചഭൂമിയും പുറമ്പോക്ക് ഭൂമിയും കയ്യേറി പ്രവര്‍ത്തിക്കുന്ന ഈ ക്വാറികള്‍ക്കെതിരെ ഹൈക്കോടതി പുറപ്പെടുവിച്ച വിലക്ക് ജനകീയ സമരത്തിന്റെ വിജയമാണെന്ന് സമരസമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനധികൃതമായാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് വില്ലേജ് ഓഫീസര്‍, തഹിസില്‍ദാര്‍, ജില്ലാ കലക്ടര്‍ തുടങ്ങിയ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ബോധ്യപ്പെട്ടതാണ്. എന്നാല്‍ ഇതിനെതിരെ നടപടിയെടുക്കാന്‍ ആരും തയ്യാറായില്ല. അയ്യപ്പന്‍ മരിച്ചപ്പോള്‍ ജില്ലാ കലക്ടര്‍ നല്‍കിയ ഒരു വാഗ്ദാനവും ഇതുവരെ പാലിക്കപ്പെട്ടട്ടില്ല. ക്വാറിയെ കൂടാതെ ഗ്രാനൈറ്റ് കമ്പനി, ക്രഷര്‍ തുടങ്ങിയവും പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയതായി ടാര്‍ മിക്‌സിംഗ് യൂണിറ്റുകൂടി സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോഴാണ് ജനങ്ങള്‍ ശക്തമായ സമരവുമായി രംഗത്തെത്തിയത്. ജനങ്ങളെ സംരക്ഷിക്കേണ്ടതിന് പകരം ഉദ്യോഗസ്ഥരും പോലീസും ഭരണകൂടവും ക്വാറി മാഫിയകള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്.
കമ്പനിയുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി പ്രദേശത്തെ ആളുകള്‍ക്ക് മാരകരോഗങ്ങള്‍ പിടിപെട്ട സാഹചര്യത്തിലാണ് നൗഷാദ് അലി ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് മുമ്പ് പഞ്ചായത്തും വില്ലേജ് ഓഫീസറും ക്വാറികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും ഗൗനിക്കാതെ ക്വാറികള്‍ പ്രവര്‍ത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവ് വന്നത്. അതോടെ യന്ത്രങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. പക്ഷേ ക്വാറിയില്‍ ഖനനം തുടരുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. ക്വാറിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിര്‍ത്തിയില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ വി.സൈനുദ്ദീന്‍, സി.കെ.നൗഷാദലി, പി.അബ്ബാസലി, പി.ഷിഹാബുദ്ദീന്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സുന്ദര്‍രാജന്‍ എന്നിവര്‍ പങ്കെടുത്തു.
