തിരുവനന്തപുരം: അവധി തീര്‍ന്നാലുടന്‍ താന്‍ സര്‍വീസില്‍ മടങ്ങി വരുമെന്ന് ഡി.ജി.പി ജേക്കബ് തോമസ് പറഞ്ഞു. പുതിയ ചുമതലയെ കുറിച്ച് സര്‍ക്കാരില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഈ മാസം 17വരെയാണ് ജേക്കബ് തോമസ് അവധി എടുത്തിരിക്കുന്നത്.
പാറ്റൂട ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 12 പക്ഷപാതിത്വങ്ങള്‍ തന്റെ ആത്മകഥയില്‍ എഴുതിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാലിത് തിരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. അഴിമതിക്കെതിരെ എല്ലാവരും ഒരുമിച്ച് പോരാടണമെന്നും ജേക്കബ് തോമസ് ആവശ്യപ്പെട്ടു.
വിജിലന്‍സ് ഡയറക്ടറായിരിക്കെയാണ് ജേക്കബ് തോമസ് അവധിയില്‍ പോയത്. തുടര്‍ന്ന് മൂന്ന് തവണ അദ്ദേഹം അവധി നീട്ടുകയായിരുന്നു. ഈ മാസം മൂന്നിനാണ് അവസാനമായി ജേക്കബ് തോമസ് അവധി നീട്ടിയത്. സംസ്ഥാന പൊലീസ് മേധാവിയായി ടി.പി. സെന്‍കുമാറിനെ നിയമിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് വരുന്നതിന് തൊട്ടുമുന്‍പാണ് ജേക്കബ്‌തോമസിനോട് അവധിയില്‍ പോവാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.
