സംസ്ഥാനത്ത് 5000 കോടി രൂപയുടെ കുടിവെള്ള പദ്ധതി

പത്തനംതിട്ട: അയ്യായിരം കോടിയില്‍ അധികം രൂപയുടെ കുടിവെള്ള പദ്ധതികളാണ് ഒറ്റ സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. നെടുമ്പ്രം, നിരണം, കടപ്ര, പെരിങ്ങര എന്നീ ഗ്രാമപഞ്ചായത്തുകള്‍ക്കു വേണ്ടിയുള്ള ശുദ്ധജല വിതരണ പദ്ധതിയുടെ ഒന്നാംഘട്ടത്തിന്റെ ഉദ്ഘാടനം വീയപുരത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

പത്ത് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കാനാണ് ജലവിഭവ വകുപ്പ് പരിശ്രമിക്കുന്നത്. ഇതിന് 30,000 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം മാത്രം 4000 കോടി രൂപയുടെ കുടിവെള്ള പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. കുടിവെളള പദ്ധതികള്‍ക്കാവശ്യമായ വെള്ളം ഉറപ്പാക്കുന്നതിന് തടയണ നിര്‍മിക്കുന്നതിന് 600 കോടി രൂപ വകയിരുത്തും.

കുടിവെള്ള പദ്ധതികള്‍ക്കുള്ള കേന്ദ്ര ധനസഹായം പ്രതിവര്‍ഷം 200 കോടി രൂപയെന്നത് 48 കോടി രൂപയായി ചുരുങ്ങിയത് പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. ഇതിനെ മറികടക്കാന്‍ കിഫ്ബി ഉള്‍പ്പെടെ പുതിയ ധനസ്രോതസുകള്‍ കണ്ടെത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ കുടിവെള്ള പദ്ധതികള്‍ നടപ്പാക്കുന്നത്. ഫണ്ടില്ലെന്നു പറഞ്ഞ് പകച്ചു നില്‍ക്കാതെ പുതിയ പദ്ധതികളുമായി മുന്നോട്ടു പോകാന്‍ സംസ്ഥാന സര്‍ക്കാരിനായി.

കേന്ദ്ര വിഹിതം കുറഞ്ഞതു പരിഹരിച്ചു നല്‍കണമെന്ന് കേന്ദ്ര മന്ത്രി നരേന്ദ്രസിംഗ് തൊമറുമായി കഴിഞ്ഞയാഴ്ച ചര്‍ച്ച ചെയ്‌തെങ്കിലും അനുകൂല പ്രതികരണമല്ല ഉണ്ടായിട്ടുള്ളത്. മാനദണ്ഡങ്ങളിലുണ്ടായ മാറ്റമാണ് കേന്ദ്ര വിഹിതത്തില്‍ കുറവുണ്ടാകാന്‍ കാരണമായത്. കേന്ദ്ര ധനസഹായം കുറഞ്ഞതുമൂലം 1550 കോടി രൂപ ചെലവു വരുന്ന 182 പദ്ധതികള്‍ സ്തംഭനാവസ്ഥയിലായിരുന്നു.

ആറുകളില്‍ ജല നിരപ്പ് ഉറപ്പാക്കുന്നതിന് കുടിവെള്ള പദ്ധതികളുടെ സ്രോതസുകളോട് ചേര്‍ന്ന് റിഗിനേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കും. ഇതിന്റെ ആദ്യഘട്ടമായി മണ്ണ് പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. മുടങ്ങിക്കിടന്നവ ഉള്‍പ്പെടെ എല്ലാ പദ്ധതികളുടെയും പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ നടപടി സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു.

നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി സുനില്‍, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ വര്‍ഗീസ്, ഗ്രാമപഞ്ചായത്തംഗം വിമല രാമചന്ദ്രന്‍, ജല അതോറിറ്റി ബോര്‍ഡ് അംഗം അലക്‌സ് കണ്ണമല, ജല അതോറിറ്റി ചീഫ് എന്‍ജിനിയര്‍ ജി ശ്രീകുമാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ അഡ്വ. ഫ്രാന്‍സിസ് വി ആന്റണി, അഡ്വ. രതീഷ് കുമാര്‍, പ്രൊഫ. അലക്‌സാണ്ടര്‍ കെ ശാമുവേല്‍, വിനോദ് കുമാര്‍ തിരുമൂലപുരം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *