കോഴിക്കോട്: ജില്ലയില്‍ ആര്‍എസ്എസ് ഭീകരത തുടരുന്നു. ശനിയാഴ്ച ബിഎംഎസ് ജില്ലയില്‍ നടത്തിയ ഹര്‍ത്താലില്‍ നിരവധി ആക്രമണങ്ങളാണ് സംഘപരിവാര്‍ നടത്തിയത്. ആര്‍എസ്എസ്ബിജെപി ക്രിമിനല്‍ സംഘം നിരവധി സിപിഐ എം ഓഫീസുകള്‍ ശനിയാഴ്ചയും തകര്‍ത്തു. ജില്ലയുടെ എല്ലാ ഭാഗത്തും വാഹനങ്ങള്‍ തടഞ്ഞു. സ്വകാര്യ വാഹനങ്ങളെപ്പോലും പലയിടത്തും തടഞ്ഞു. അക്രമം ഭയന്ന് കെഎസ്ആര്‍ടിസി ബസ്സുകള്‍ കാര്യമായി സര്‍വീസ് നടത്തിയില്ല. സിപിഐ എം ഫറോക്ക് ലോക്കല്‍ കമ്മിറ്റി ഓഫീസായ ചമ്മിനി വാസു സ്മാരക മന്ദിരം ആര്‍എസ്എസ്ബിജെപി ക്രിമിനലുകള്‍ തീയിട്ട് നശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് അക്രമം ഉണ്ടായത്.
താമരശേരി വെഴുപ്പൂരില്‍ സിപിഐ എം കൊടിമരവും ബോര്‍ഡുകളും ഡിവൈഎഫ്‌ഐ ബസ് കാത്തിരിപ്പുകേന്ദ്രവും ആര്‍എസ്എസുകാര്‍ തകര്‍ത്തു. താമരശേരി പതിനെട്ടാം മൈലില്‍ ഡിവൈഎഫ്‌ഐ ബസ് കാത്തിരിപ്പുകേന്ദ്രവും കൊടിമരവും നശിപ്പിച്ചു. താമരശേരി അങ്ങാടിയില്‍ സിപിഐ എമ്മിന്റെ കൊടി തോരണങ്ങളും 12ന് മന്ത്രി ടി എം തോമസ് ഐസക് പങ്കെടുക്കുന്ന എസ്എസ്എല്‍സി, പഌസ്ടു ഉന്നത വിജയികളെ അനുമോദിക്കുന്ന പരിപാടിയുടെ പ്രചാരണ ബോര്‍ഡുകളും നശിപ്പിച്ചു. കൊടുവള്ളി മണ്ഡലത്തിലെ സ്‌കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ക്രിസ്റ്റല്‍ പദ്ധതിയുടെ പ്രചാരണബോര്‍ഡുകളും തകര്‍ത്തു. മുക്കംഓമശേരി റോഡില്‍ നീലേശ്വരത്ത് ബിജെപിആര്‍എസ്എസ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു.
അഖിലേന്ത്യാ അഗ്രികള്‍ച്ചറല്‍ എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി കോഴിക്കോട്ട് എത്തിയവര്‍ വാഹനങ്ങള്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഏറെ വലഞ്ഞു. 10,800 പേരാണ് ജില്ലയില്‍ പരീക്ഷ എഴുതാന്‍ എത്തിയത്. റെയില്‍വേ സ്റ്റേഷനില്‍നിന്ന് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പൊലീസ് വാഹന സൌകര്യം ഒരുക്കിയിരുന്നു.
സിപിഐ എം നന്മണ്ട ലോക്കല്‍ കമ്മിറ്റി ഓഫീസിനുനേരെ ആര്‍എസ്എസ് അക്രമം. ശനിയാഴ്ച പുലര്‍ച്ചെയാണ് എല്‍സി ഓഫീസായ ഇ എം എസ് സ്മാരക മന്ദിരത്തിനുനേരെ അക്രമം നടന്നത്. ഓഫീസിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന അക്രമികള്‍ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ത്തു. രക്തസാക്ഷികളുടെ ചിത്രങ്ങളും ഫര്‍ണിച്ചറുകളും നശിപ്പിച്ചു.
പഞ്ചായത്തിന്റെ പല ഭാഗങ്ങളിലെയും കൊടിമരങ്ങളും രക്തസാക്ഷി സ്തൂപങ്ങളും വ്യാപകമായി തകര്‍ത്തിട്ടുണ്ട്.
ആര്‍എസ്എസിന്റെ ഇത്തരം പ്രവൃത്തികള്‍ ജനാധിപത്യ വിശ്വാസികളും മതേതരശക്തികളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്ന് സിപിഐ എം ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സംഭവസ്ഥലം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം മാമ്പറ്റ ശ്രീധരന്‍, ഏരിയാ സെക്രട്ടറി ടി കെ സോമനാഥന്‍, എന്‍ രാജേഷ് എന്നിവര്‍ സന്ദര്‍ശിച്ചു.
