കോട്ടയം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം യാഥാര്‍ത്ഥ്യബോധത്തോടെയുള്ളതാണെന്ന് സുപ്രിംകോടതി ജസ്റ്റിസ് കെ ടി തോമസ്. മദ്യനയത്തെ സ്വാഗതം ചെയ്യുന്നു. മദ്യനയത്തിനെതിരെ യുഡിഎഫ് സമരം ചെയ്യുന്നത് രാഷ്ട്രീയമാണ്.
ഇപ്പോള്‍ പശ്ചാത്തപിക്കുന്നുവെന്നാണ് മദ്യനിരോധനം നടപ്പാക്കിയവര്‍ തന്നോട് പറഞ്ഞത്. മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പ്രായോഗികമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് കെ ടി തോമസ്.
മദ്യനിരോധനവും, മദ്യവര്‍ജനവും തമ്മില്‍ വ്യത്യാസമുണ്ട്. മദ്യനിരോധനം നടപ്പാക്കിയ സ്ഥലങ്ങളിലെല്ലാം അപകടം വലുതായിരുന്നു. അവിടങ്ങളില്‍ വ്യാജമദ്യം വ്യാപകമായൊഴുകി. വിനോദസഞ്ചാരമേഖലയ് ക്കും നേരത്തെയുണ്ടായിരുന്ന മദ്യനയം അപകടം സൃഷ്ടിച്ചു.
കേരളത്തില്‍ നടത്തിയിരുന്ന അന്താരാഷ്ട്ര ടൂറിസം കോണ്‍ഫറന്‍സുകള്‍ ഇല്ലാതായി. മദ്യത്തിന്റെ ചുവടുപിടിച്ച് നടന്നിരുന്ന വ്യവസായങ്ങളെ ദോഷകരമായി ബാധിക്കുകയും ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാവുകയും ചെയ്തു. വിനോദസഞ്ചാരമേഖലയ്ക്ക് യാതൊരു കുഴപ്പവുമുണ്ടാക്കാത്തതാണ് പുതിയ മദ്യനയമെന്നും അദ്ദേഹം പറഞ്ഞു.
പാതയോരങ്ങളിലെ മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധിയോട് പൂര്‍ണമായും യോജിക്കുന്നു. വിധി പൂര്‍ണമായും വായിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. മദ്യപിച്ച് വാഹനമോടിക്കുന്നതാണ് ഒരുപാട് പേരുടെ ജീവനെടുക്കുന്നത്. പാതയോരത്തെ മദ്യശാലകള്‍ പൂട്ടുന്നതോടെ ഇത് കുറയ്ക്കാനാവും. പുതിയ മദ്യനയത്തിലെ സഭയുടെ എതിര്‍പ്പ് സംബന്ധിച്ച് അവരോട് ചോദിക്കണമെന്നും കെ ടി തോമസ് കൂട്ടിച്ചേര്‍ത്തു.
മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളമുപയോഗിച്ച് തമിഴ്‌നാട് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഒരുവീതം ചോദിച്ചുവാങ്ങാന്‍ സര്‍ക്കാര്‍ തയ്യാറാകണം. തമിഴ്‌നാട് സര്‍ക്കാര്‍ വൈദ്യുതി തരാന്‍ തയ്യാറാണ്. താന്‍ ഇക്കാര്യം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും സൂചിപ്പിച്ചിരുന്നു.
ഡാമിന് സുരക്ഷയുണ്ടെന്ന് സുപ്രീം കോടതി വെറുതെ വിധിക്കില്ല. കാര്യങ്ങള്‍ വ്യക്തമായതിനാലാണ് അത്തരത്തില്‍ വിധി വരുന്നത്. ഡാമുകളില്‍ ഏറെ ശക്തമാണ് മുല്ലപ്പെരിയാര്‍. കാലാകാലങ്ങളില്‍ നടക്കുന്ന ബലപ്പെടുത്തലുകള്‍ കൂടുതല്‍ ശക്തിയാണ് ഇതിന് പകരുന്നത്. കാര്യമായി ചെളി അടിയുന്നില്ലെന്നതും മുല്ലപ്പെരിയാറിന്റെ പ്രത്യേകതയാണ്. ഡാമിന് സുരക്ഷയുണ്ടെന്ന് ബോധ്യമായതിനാല്‍ പുതിയ ഡാമിന് വെറുതെ പണം കളയേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡാമില്‍ 136 അടിയായി വെള്ളം ക്രമീകരിക്കണമെന്ന് താന്‍ നിര്‍ദേശം നല്‍കിയത് ചില കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. കഴിഞ്ഞ 35 വര്‍ഷമായി 136 അടിയാണ് ഡാമിലെ ജലനിരപ്പ്. അതിനാല്‍ പരിസര പ്രദേശങ്ങളിലെ ആവാസവ്യവസ്ഥ അതിനോട് പൊരുത്തപ്പെട്ടിരിക്കുന്നു. മാത്രമല്ല, തമിഴ് നാട്ടിലേക്ക് ജലസേചന സൗകര്യത്തിനായി 136 അടി വെള്ളം പര്യാപ്തമാണ്. ശേഷിക്കുന്ന ജലം ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുകയും ചെയ്യും.
മാത്രമല്ല, 136 അടിയായി വെള്ളം ക്രമീകരിക്കുമ്പോള്‍ ജനത്തിന്റെ ഭയം കാര്യമായി കുറയുമെന്നതും കാരണമാണ്. ഇക്കാര്യമാണ് സുപ്രീം കോടതിയില്‍ സൂചിപ്പിക്കേണ്ടതെന്ന് താന്‍ പറഞ്ഞിരുന്നെങ്കിലും അന്ന് ലീഗല്‍ സെല്ലിലുള്ളവര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. ഡാമിന് സുരക്ഷ കുറവായതിനാല്‍ വെള്ളം 136 അടിയാക്കണമെന്നായിരുന്നു അവരുടെ വാദമെന്നും ഈഗോ മാത്രമായിരുന്നു ഇക്കാര്യത്തിലുണ്ടായിരുന്നതെന്നും കെ ടി തോമസ് പറയുന്നു.
