സൗദി അറേബ്യ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി അടുത്തമാസം മുതല്‍ നിലവില്‍

ജിദ്ദ: സൗദി അറേബ്യ രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രവാസി ലെവി അടുത്തമാസം മുതല്‍ നിലവില്‍ വരും. പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ ഈ ലെവി ആശ്രിത വിസയില്‍ കഴിയുന്ന ഒരോ വിദേശിക്കും പ്രതിമാസം നൂറു റിയാല്‍ എന്ന നിരക്കിലായിരിക്കും ഈടാക്കുക.

 

എണ്ണ ഇതര വരുമാന സ്രോതസുകള്‍ കണ്ടെത്തുന്നതിനും സ്വദേശിവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാനും ലക്ഷ്യമിട്ട് കഴിഞ്ഞ ബജറ്റിലാണ് വിദേശികള്‍ക്ക് സൗദി അറേബ്യ ലെവി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ആശ്രിത വിസയില്‍ രാജ്യത്ത് തങ്ങുന്ന ഓരോരുത്തരും പ്രതിമാസം നൂറു റിയാല്‍ ലെവി ആയി നല്‍കണം.

 
അതേസമയം അടുത്ത വര്‍ഷം ജൂലൈ മുതല്‍ ലെവി ഇരട്ടിയാകും എന്ന റിപ്പോര്‍ട്ടും പ്രവാസികള്‍ക്ക് നിരാശ സമ്മാനിക്കുന്നതാണ്. പ്രതിമാസം ഇരുനൂറു റിയാല്‍ ആയിരിക്കും അടുത്ത വര്‍ഷം വിദേശികള്‍ക്കുള്ള ലെവി. 2019 ജൂലൈ മുതല്‍ ഇത് മുന്നൂറു റിയാലും 2020ല്‍ ഇത് നാനൂറു റിയാലുമായി വര്‍ധിക്കും.

 
വിദേശ തൊഴിലാളികളെ ജോലിക്ക് വയ് ക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും അടുത്ത വര്‍ഷം ജനുവരി മുതല്‍ ലെവി ഈടാക്കും. സ്വദേശികളേക്കാള്‍ വിദേശികള്‍ കൂടുതലായി ജോലി ചെയ്യുന്ന കമ്പനികള്‍ ഓരോ തൊഴിലാളിക്കും പ്രതിമാസം 400 റിയാല്‍ എന്ന നിരക്കില്‍ ലെവി നല്‍കണം. 2019ല്‍ ഇത് 600 റിയാലും 2020ല്‍ ഇത് എണ്ണൂറു റിയാലുമാകും. എന്നാല്‍ വിദേശ തൊഴിലാളികളുടെ എണ്ണം സ്വദേശികളേക്കാള്‍ കുറവുള്ള കമ്പനികള്‍ക്ക് ലെവിയില്‍ നേരിയ ഇളവുണ്ട്.

 

ഓരോ വിദേശ തൊഴിലാളിക്കും പ്രതിമാസം 300 റിയാല്‍ എന്ന നിരക്കിലായിരിക്കും ലെവി. 2019ല്‍ ഇത് 500 റിയാലായും 2020ല്‍ ഇത് 700 റിയാലായും വര്‍ധിക്കും. സര്‍ക്കാര്‍ ലെവി ആയി ഈടാക്കുന്ന തുക ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കുമെന്ന് കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *