വിഴിഞ്ഞം പദ്ധതി സര്‍ക്കാര്‍നയം ഇരട്ടത്താപ്പ്: ഹസന്‍

തിരുവനന്തപുരം: വിഴിഞ്ഞം കരാറില്‍ ക്രമക്കേട് ആരോപിക്കുകയും എന്നാല്‍ പദ്ധതി നടപ്പാക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. കരാറില്‍ അഴിമതിയുണ്ടെങ്കില്‍ റദ്ദാക്കട്ടെ. അതിനുള്ള വ്യവസ്ഥ കരാറില്‍ തന്നെയുണ്ട്.

ജുഡീഷ്യല്‍ അന്വേഷണത്തെ പാര്‍ട്ടി സ്വാഗതം ചെയ്യുകയാണ്. പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമാണ്. കെ.പി.സി.സി രാഷ് ട്രീയകാര്യസമിതി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു ഹസ്സന്‍.

വിഴിഞ്ഞം കരാറിന്റെ പേരില്‍ വിഎം സുധീരനും കെ മുരളീധരനും തമ്മില്‍ യോഗത്തില്‍ വാക്‌പോര് നടന്നു. കരാറിനെക്കുറിച്ച് പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ചനടന്നില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയെ ഉന്നമിട്ട് സുധീരന്റെ വിമര്‍ശനം. അന്ന് ഈ കരാര്‍ ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് താന്‍ കത്ത് നല്‍കിയിട്ട് അന്ന് രാഷ്ട്രീയകാര്യ സമിതി വിളിക്കാന്‍ സുധീരന്‍ എന്തുകൊണ്ട് തയാറായില്ല എന്ന് മുരളീധരന്‍ തിരിച്ചടിച്ചു.

വിഴിഞ്ഞം കേരളത്തിന്റെ സ്വപ്‌നപദ്ധതിയാണ്. വിഴിഞ്ഞം നേട്ടമെന്ന് പറഞ്ഞ് തന്നെയാണ് വോട്ട് പിടിച്ചത്. അതിന്റെ ഫലം തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പിലുണ്ടായി എന്നും മുരളി പറഞ്ഞു. വിഴിഞ്ഞം കരാര്‍ കേരളത്തിന് ഏറ്റവും മികച്ചതെന്നാണെന്നാണ് യോഗത്തിലുണ്ടായ പൊതുഅഭിപ്രായം. കരാറിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ പിന്തുണ നല്‍കാനും യോഗത്തില്‍ തീരുമാനമായി.

Leave a Reply

Your email address will not be published. Required fields are marked *